ആതിഥ്യമര്യാദ പഠിക്കേണ്ടത് യൗസേപ്പിതാവിൽ നിന്നും തിരുകുടുംബത്തിൽ നിന്നുമാണെന്ന് ലെയോ പതിനാലാമൻ പാപ്പ ഓർമ്മപ്പെടുത്തി. റോമിലെ പട്ടണമായ സാക്രോഫാനോയിൽ നടക്കുന്ന സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പരിപാടിയിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പാപ്പ.
റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് പ്രസ്ഥാനങ്ങളും തേർഡ് സെക്ടർ സംഘടനകളും സംഘടിപ്പിച്ച ഈ പരിപാടി, സമകാലിക വിഷയങ്ങളെക്കുറിച്ചുള്ള സംഭാഷണത്തിനും പ്രതിഫലനത്തിനും ഇടം നൽകുന്നു. ഈ വർഷത്തെ പ്രമേയം “യുവജനങ്ങളും സഭയും: സ്വത്വത്തെ വളർത്തുന്ന ആതിഥ്യം” എന്നതായിരുന്നു.
ഓരോ യഥാർഥ സ്വാഗതത്തിന്റെയും കാതലിൽ, ഒരു കണ്ടുമുട്ടലിന്റെ കൃപയിൽ നിന്ന് ജനിക്കുന്ന ഒരു ബന്ധമുണ്ടെന്ന് മാർപാപ്പ പറഞ്ഞു. “യുവജനങ്ങളെ സ്വാഗതം ചെയ്യുക എന്നതിനർഥം, ഒന്നാമതായി, അവരുടെ ശബ്ദങ്ങൾ ശ്രദ്ധിക്കുക, അവരുടെ നോട്ടങ്ങളെ കണ്ടുമുട്ടുക, അവരുടെ ജീവിതത്തിലും ഭാഷകളിലും ആത്മാവ് പ്രവർത്തിക്കുന്നത് തുടരുകയും സാന്നിധ്യത്തിന്റെയും കരുതലിന്റെയും നവീകൃത പാതകൾ നിർദ്ദേശിക്കുകയും ചെയ്യുന്നുവെന്ന് തിരിച്ചറിയുക എന്നതാണ്” പാപ്പ പറഞ്ഞു.



