“വിശുദ്ധ പത്രോസിന്റെ ചത്വരം” (Piazza San Pietro) എന്ന പേരിലുള്ള മാസികയിൽ, സ്ത്രീകളുടെ കൊലപാതകങ്ങൾ തടയാൻ സഹായം അഭ്യർത്ഥിക്കുകയും, യുവാക്കൾക്കിടയിൽ ബഹുമാനത്തിന്റെ ഒരു സംസ്കാരം പ്രചരിപ്പിക്കുന്നതിന് സഭയും, വിദ്യാലയങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുകയും ചെയ്തുകൊണ്ട്, ഒരു വായനക്കാരി പാപ്പായ്ക്ക് അയച്ച കത്തിന് ലിയോ പതിനാലാമൻ പാപ്പാ മറുപടി നൽകി.

സ്ത്രീകൾക്കെതിരായ ആക്രമണങ്ങളും, കൊലപാതകങ്ങളും വർധിക്കുന്ന ഒരു സാഹചര്യത്തിൽ, ഇവ തടയുന്നതിന്, സഭയും, വിദ്യാലയങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞുകൊണ്ടും, പരസ്പര ബഹുമാനത്തിന്റെ ഒരു സംസ്കാരം വളർത്തേണ്ടതിനു ഈ ഇരു തലങ്ങളിൽ നിന്നുമുള്ള സഹായം അഭ്യർത്ഥിച്ചുകൊണ്ടുമുള്ള,   “വിശുദ്ധ പത്രോസിന്റെ ചത്വരം” (Piazza San Pietro) എന്ന മാസികയുടെ വായനക്കാരി, ജൊവാന്നയുടെ, കത്തിന്, പാപ്പാ മറുപടി നൽകി. തന്നെ ഏറെ സ്നേഹിക്കുന്ന ഒരു ഭർത്താവിന്റെ സാന്നിധ്യം തന്നെ ഒരു ഭാഗ്യവതിയായ വനിതയാക്കി മാറ്റിയെന്ന മുഖവുരയോടെയാണ് കത്ത് ആരംഭിക്കുന്നത്. സഭയ്ക്കും വിദ്യാലയങ്ങൾക്കും മാത്രമേ, ഇത്തരത്തിൽ, പുതിയ തലമുറക്കിടയിൽ, പരസ്പര ബഹുമാനവും, സ്നേഹവും, സ്വാതന്ത്ര്യവും പകർന്നു നൽകുവാൻ സാധിക്കുകയുള്ളൂവെന്നും, കത്തിൽ എടുത്തു പറയുന്നു.

മറുപടിയിൽ, പാപ്പാ, സ്ത്രീകൾക്കെതിരായ ഇത്തരം ആക്രമണങ്ങൾ തനിക്ക് നൽകുന്ന അതിയായ വേദന എടുത്തു പറഞ്ഞു. എല്ലാ മനുഷ്യവർഗത്തിനും ഭാവിയും അന്തസ്സും പ്രദാനം ചെയ്യുന്നതിന് അനിവാര്യമായ കരുതലിന്റെയും സാഹോദര്യത്തിന്റെയും പരിചരണം നൽകുന്നതിൽ, സ്ത്രീകൾ നൽകുന്ന സംഭാവനകളെ എടുത്തു പറഞ്ഞ പാപ്പാ, സ്ത്രീ പ്രതിഭയാണെന്ന, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ വാക്കുകളും ഉദ്ധരിച്ചു. എന്നാൽ,  ആശയക്കുഴപ്പത്തിലായിരിക്കുന്നതും,  അക്രമാസക്തവുമായ ഒരു സമൂഹത്തിൽ , ഈ പരിചരണം,  വൈരുദ്ധ്യത്തിന്റെ അടയാളമായതിനാൽ, ആക്രമണങ്ങൾ വർധിക്കുന്നുവെന്നതും അദ്ദേഹം, ചൂണ്ടിക്കാട്ടി.

വിശ്വാസം, സ്വാതന്ത്ര്യം, സമത്വം, ഉൽപ്പാദനക്ഷമത, പ്രത്യാശ, ഐക്യദാർഢ്യം, നീതി എന്നീ മൂല്യങ്ങൾക്ക് പകരം, സ്വാർത്ഥത, മുൻവിധി, വിവേചനം, ആധിപത്യത്തിനായുള്ള ആഗ്രഹം എന്നീ കാര്യങ്ങൾ  ഇന്ന് ബന്ധങ്ങളെ ശിഥിലമാക്കുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി. നമ്മിൽ നിന്ന് വ്യത്യസ്തരായവർക്ക്, വിശാലമായ അർത്ഥത്തിൽ, എതിർലിംഗത്തിലുള്ളവരോടും മറ്റുള്ളവരോടും ബഹുമാനം വളർത്താൻ യുവതലമുറയെ സഹായിക്കുന്നതിന്, ബഹുമാനത്തിന്റെയും സ്നേഹത്തിന്റെയും എല്ലാറ്റിനുമുപരി സ്വാതന്ത്ര്യത്തിന്റെയും ഒരു സംസ്കാരം വളർത്തിയെടുക്കുവാൻ, കുടുംബങ്ങൾ, സ്കൂളുകൾ, ഇടവകകൾ, പ്രസ്ഥാനങ്ങൾ, അസോസിയേഷനുകൾ, സന്യാസസഭകൾ, പൊതു സ്ഥാപനങ്ങൾ എന്നിവയുമായി ചേർന്ന് കൊണ്ട്, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുവാനുള്ള ഫലപ്രദമായ മാർഗങ്ങൾ കണ്ടെത്തുവാൻ, സഭയ്ക്ക് സാധിക്കുമെന്നും പാപ്പാ പറഞ്ഞു. എല്ലാവരെയും സ്നേഹിക്കുന്ന സമാധാനത്തിന്റെ ആളുകളായി മാറുന്നതിന്, അക്രമത്തിന്റെ വഴി ഉപേക്ഷിക്കണമെന്നുള്ള ആഹ്വാനവും പാപ്പാ നൽകി.