സെമിനാരി വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച്ച നടത്തുന്നതിൽ തനിക്കുള്ള അതിയായ സന്തോഷം എടുത്തുപറഞ്ഞുകൊണ്ടാണ്, ലിയോ പതിനാലാമൻ പാപ്പാ സ്‌പെയിനിലെ, അൽക്കലാ ദെ എനാറെസ്, തൊളേദോ, കത്തലൂഞ്ഞ, കർത്തഹേന എന്നീ രൂപതകളിൽ നിന്നും  റോമിൽ എത്തിച്ചേർന്ന സെമിനാരി വിദ്യാർത്ഥികൾക്ക് സന്ദേശം നൽകിയത്. സെമിനാരി എല്ലായ്പ്പോഴും സഭയുടെ പ്രത്യാശയുടെ അടയാളമാണെന്നു പാപ്പാ പ്രത്യേകം ചൂണ്ടിക്കാട്ടി. 

മനുഷ്യജീവിതം  സ്വയം അടച്ചുപൂട്ടി ജീവിക്കാനുള്ളതല്ല, മറിച്ച് ദൈവവുമായുള്ള സജീവമായ  ബന്ധത്തിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നു പറഞ്ഞ പാപ്പാ, എന്നാൽ  ആ ബന്ധം അവ്യക്തമാകുകയോ ദുർബലമാകുകയോ ചെയ്യുമ്പോൾ, ജീവിതം ഉള്ളിൽ നിന്ന് ക്രമരഹിതമാകാൻ തുടങ്ങുന്നുവെന്നും സെമിനാരി വിദ്യാർത്ഥികളെ ഉദ്‌ബോധിപ്പിച്ചു.

ദൈവത്തെ, വാക്കുകളാൽ അല്ല, മറിച്ച് ആന്തരികമായി ജീവിതത്തിന്റെ ആഴങ്ങളിൽ അനുഭവിക്കണമെന്നും, അല്ലാത്തപക്ഷം, ദൈവീക കാര്യങ്ങളുമായി പൊരുത്തപ്പെടുന്നത് ഏറെ അപകടകരമാണെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. അതിനാൽ അയോഗ്യരായിരുന്നിട്ടും, നമ്മെ തിരഞ്ഞെടുത്ത ദൈവവുമായുള്ള അഗാധമായ ഒരു ബന്ധത്തിൽ  ജീവിക്കുവാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.

ഒരു അമാനുഷിക നോട്ടം ഉണ്ടായിരിക്കുക എന്നതിനർത്ഥം യാഥാർത്ഥ്യത്തിൽ നിന്ന് രക്ഷപ്പെടുക എന്നല്ല, മറിച്ച് ദൈനംദിനജീവിതത്തിലെ  മൂർത്തമായ സംഭവങ്ങളിൽ ദൈവത്തിന്റെ കരം  തിരിച്ചറിയാൻ പഠിക്കുക എന്നാണെന്നു പാപ്പാ പറഞ്ഞു. എന്നാൽ വിശ്വാസത്തോടെ ഈ യാഥാർഥ്യങ്ങളെ മനസിലാക്കുന്നില്ലെങ്കിൽ,  പഠനം, പ്രാർത്ഥന, സാമൂഹിക ജീവിതം എന്നിവയെല്ലാം വികലമായി തീരുമെന്നും അതിനാൽ ദൈവത്തിന്റെ സാന്നിധ്യത്തിൽ ജീവിക്കണമെന്നും പാപ്പാ സെമിനാരിക്കാരെ ആഹ്വാനം ചെയ്തു.

ദൈവവുമായി ആഴത്തിൽ, വേരൂന്നി ജീവിക്കണമെന്നും അല്ലാത്തപക്ഷം,  വചനം പറയുന്നതുപോലെ, നാം ഉണങ്ങി പോകുമെന്നും പാപ്പാ എടുത്തു പറഞ്ഞു. യേശു ശിഷ്യന്മാരെ വിളിച്ചു തന്നോട് കൂടി ആയിരിക്കുവാൻ ക്ഷണിച്ചതുപോലെ, എല്ലാ പൗരോഹിത്യ രൂപീകരണത്തിന്റെയും അടിസ്ഥാനം, ദൈവത്തോടൊപ്പം ആയിരിക്കുക എന്നതാണെന്നും ഓർമ്മിപ്പിച്ചു. ദൈനംദിന ജീവിതത്തിലെ സാധാരണ കാര്യങ്ങളിൽ, ദൈവത്തോടൊപ്പം ആണോ? അതോ സ്വന്തം ശക്തിയിൽ ആശ്രയിക്കുകയാണോ ചെയ്യുന്നതെന്ന് വിചിന്തനം ചെയ്യുന്നതിനും പാപ്പാ ഏവരെയും ക്ഷണിച്ചു. കർത്താവിനെ അനുഗമിക്കുവാൻ തീരുമാനം കൈക്കൊണ്ടതിൽ സെമിനാരി വിദ്യാർത്ഥികൾക്ക് സഭയുടെ നാമത്തിൽ പാപ്പാ, നന്ദിയർപ്പിക്കുകയും ചെയ്തു. രൂപീകരണ പാതയിൽ സഭയുടെ പ്രാർത്ഥനകളും, പിന്തുണയും പാപ്പാ അറിയിച്ചു.