‘ദൈവത്തിൽ വിശ്വസിക്കുന്നില്ലെങ്കിലും താൻ ദൈവത്തെ സ്നേഹിക്കുന്നു’ എന്ന് വെളിപ്പെടുത്തിയ യുവാവിന് ഹൃദയസ്പർശിയായ മറുപടിയുമായി ലെയോ പതിനാലാമൻ മാർപാപ്പ. ഇറ്റലിയിലെ റെജിയോ കലാബ്രിയ സ്വദേശിയായ റോക്കോ എന്ന യുവാവിനാണ് ‘പിയാസ സാൻ പിയെട്രോ’ മാസികയിലൂടെ മാർപാപ്പ മറുപടി നൽകിയത്.

​താനൊരു നിരീശ്വരവാദിയാണെന്ന് കരുതുമ്പോഴും പ്രകൃതിയുടെ വിസ്മയങ്ങളിൽ ദൈവത്തെ തിരയുന്നുവെന്നും ദൈവത്തോടുള്ള അടങ്ങാത്ത സ്നേഹം അനുഭവിക്കുന്നുവെന്നും റോക്കോ പറഞ്ഞു. ‘ഞാൻ ഒന്നിലും വിശ്വസിക്കുന്നില്ല എന്നിട്ടും എന്റെ ഉള്ളിൽ ദൈവത്തിനായുള്ള ദാഹം ബാക്കിയാണ്. ദൈവത്തെ സ്നേഹിക്കുന്ന ഒരു നിരീശ്വരവാദി’ എന്നായിരുന്നു റോക്കോയുടെ വരികൾ

റോക്കോയുടെ ‘മനോഹരമായ കവിത’യ്ക്ക് പരിശുദ്ധ പിതാവ് നന്ദി പറഞ്ഞു. അത് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ പുസ്തകമായ വി. അഗസ്റ്റിന്റെ “കൺഫെഷൻ” എന്നതിലെ ഒരു വരിയെ ഓർമ്മിപ്പിച്ചു: ‘നീ എന്റെ ഉള്ളിലായിരുന്നു, ഞാൻ പുറത്തും ആയിരുന്നു. അവിടെയാണ് ഞാൻ നിന്നെ അന്വേഷിച്ചത്. ദൈവത്തെ സ്നേഹിക്കുകയും ആത്മാർഥമായ ഹൃദയത്തോടെ അവനെ അന്വേഷിക്കുകയും ചെയ്യുന്ന ഒരാൾക്ക് നിരീശ്വരവാദിയാകാൻ കഴിയില്ല എന്ന് നിങ്ങളോട് പറയാൻ” ഇത് മതിയെന്ന് ലെയോ പാപ്പ പറഞ്ഞു.

“ജീവിതത്തിൽ പ്രധാനമായ കാര്യം ദൈവത്തെ അന്വേഷിക്കുക എന്നതാണെന്ന് ചിന്തിക്കാൻ അടുത്തിടെ നിരവധി ദൈവശാസ്ത്രജ്ഞർ നമ്മെ സഹായിച്ചിട്ടുണ്ട്. കാരണം വിശ്വാസത്തിന്റെ യഥാർഥപ്രശ്നം ദൈവത്തിൽ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ അല്ല, മറിച്ച് അവനെ അന്വേഷിക്കുകയോ അന്വേഷിക്കാതിരിക്കുകയോ ചെയ്യുന്നതാണ്! ദൈവത്തെ അന്വേഷിക്കുന്ന ഹൃദയം തന്നെത്തന്നെ കണ്ടെത്താൻ അനുവദിക്കുന്നു, ഒരുപക്ഷേ ശരിയായ വ്യത്യാസം വിശ്വാസികളും അവിശ്വാസികളും തമ്മിലല്ല, മറിച്ച് ദൈവത്തെ അന്വേഷിക്കുന്നവരും അന്വേഷിക്കാത്തവരും തമ്മിലാണ്” – പരിശുദ്ധപിതാവ് തുടർന്നു.

ഒരാൾ വിശ്വസിക്കുന്നില്ലെന്ന് വിശ്വസിക്കാം, എന്നാൽ അവന്റെ മുഖം തേടുന്നവരാകാം, നിങ്ങളെപ്പോലെ അവനെ സ്നേഹിക്കാം. അതിനാൽ, റോക്കോ, നാമെല്ലാവരും സ്നേഹത്തിനായി കൊതിക്കുന്നു, നാമെല്ലാവരും ദൈവത്തെ അന്വേഷിക്കുന്നവരാണ്. നമ്മുടെ ജീവിതത്തിന്റെ അന്തസ്സും സൗന്ദര്യവും അതിലാണ്,” എന്ന് പറഞ്ഞുകൊണ്ടാണ് മാർപാപ്പ ഉപസംഹരിച്ചത്.