വിഭൂതിദിനത്തിൽ ലോകം നേരിടുന്ന യുദ്ധക്കെടുതികളെയും മാനുഷിക തകർച്ചകളെയും കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട് ലെയോ പതിനാലാമൻ മാർപാപ്പ സന്ദേശം നൽകി. റോമിലെ സെന്റ് സബീന ബസിലിക്കയിൽ നടന്ന തിരുക്കർമ്മകൾക്കിടയിലാണ് മാർപാപ്പ വിഭൂതിദിനത്തിലെ സന്ദേശം നൽകിയത്.
നെറ്റിയിൽ സ്വീകരിക്കുന്ന ചാരം കത്തിയെരിയുന്ന ലോകത്തിന്റെയും യുദ്ധത്തിൽ തകർക്കപ്പെട്ട നഗരങ്ങളുടെയും ഭാരത്തെയാണ് ഓർമ്മിപ്പിക്കുന്നതെന്ന് മാർപാപ്പ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളുടെയും നീതിയുടെയും തകർച്ചയെ അദ്ദേഹം ‘നീതിയുടെ ചാരം’ എന്ന് വിശേഷിപ്പിച്ചു.
പാപം വ്യക്തിപരവും സാമൂഹികവുമാണ്. ഇതിൽനിന്ന് മോചനം നേടാനുള്ള ധൈര്യമാണ് നോമ്പുകാലം നൽകുന്നത്. നോമ്പുകാലം കേവലം വ്യക്തിപരമായ ഒരു ഭക്തിയല്ല, മറിച്ച് സമൂഹമായി ഒത്തുചേരാനുള്ള സമയമാണെന്ന് പാപ്പ ഓർമ്മിപ്പിച്ചു. 40 ദിവസത്തെ നോമ്പുകാലത്തിന് തുടക്കം കുറിക്കുന്ന ഈ ദിവസം ജീവിതത്തെ നവീകരിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരിലേക്കും ഈ സന്ദേശം എത്തിക്കാൻ പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു.



