യുദ്ധം തകർത്ത ഉക്രൈനിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവൻ മേജർ ആർച്ച്ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്കുമായി ലെയോ പതിനാലാമൻ മാർപാപ്പ കൂടിക്കാഴ്ച നടത്തി. വത്തിക്കാനിലെ അപ്പോസ്തോലിക് പാലസിൽ വച്ച് നടന്ന കൂടിക്കാഴ്ചയിൽ ഉക്രൈനിലെ മാനുഷികപ്രതിസന്ധികളും സമാധാനശ്രമങ്ങളും പ്രധാന ചർച്ചാവിഷയമായി.

റഷ്യ-ഉക്രൈൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഉക്രേനിയൻ ജനത അനുഭവിക്കുന്ന കഠിനമായ വേദനകൾ ആർച്ച്ബിഷപ്പ് ലെയോ പാപ്പയുമായി പങ്കുവച്ചു. തകർക്കപ്പെട്ട ഗ്രാമങ്ങൾ, വൈദ്യുതിയും ജലവുമില്ലാതെ വലയുന്ന കുടുംബങ്ങൾ, സഭയുടെ നേതൃത്വത്തിൽ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. തന്റെ രാജ്യത്തിന് മാർപാപ്പ നൽകുന്ന നിരന്തരമായ പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു.

ഉക്രേനിയൻ ജനതയുടെ ദുഃഖത്തിൽ താൻ പങ്കുചേരുന്നതായി മാർപാപ്പ വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാനും നീതിപൂർവകമായ സമാധാനം പുനഃസ്ഥാപിക്കാനുമായി അന്താരാഷ്ട്രസമൂഹം നടത്തുന്ന ശ്രമങ്ങൾക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും പാപ്പ ഉറപ്പുനൽകി. ഈ കൂടിക്കാഴ്ച ഉക്രേനിയൻ ജനതയ്ക്ക് വലിയ പ്രത്യാശ നൽകുന്നതാണെന്ന് വത്തിക്കാൻ വൃത്തങ്ങൾ അറിയിച്ചു.