അർജന്റീന സന്ദർശിക്കാൻ ലെയോ പതിനാലാമൻ മാർപാപ്പയെ പ്രസിഡന്റ് ഹാവിയർ മിലെയ് ഔദ്യോഗികമായി ക്ഷണിച്ചു. ഫെബ്രുവരി 11 ന് വത്തിക്കാനിൽ വച്ച് വിദേശകാര്യ മന്ത്രി പാബ്ലോ ക്വിർനോ, മാർപാപ്പയ്ക്ക് ഔദ്യോഗിക ക്ഷണക്കത്ത് കൈമാറി. സന്ദർശനം യാഥാർഥ്യമായാൽ, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ അർജന്റീനയിൽ ഒരു മാർപാപ്പ നടത്തുന്ന ആദ്യ അപ്പസ്തോലിക സന്ദർശനമായി ഇത് മാറും.
അർജന്റീനയും വത്തിക്കാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഏറ്റവും മികച്ച നിലയിലാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ നിലവിലെ സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളും സമാധാന ശ്രമങ്ങളും മാർപാപ്പയുമായി പങ്കുവച്ചതായും സഭയുമായി ചേർന്ന് പ്രവർത്തിക്കാനുള്ള അർജന്റീനയുടെ താൽപ്പര്യം അറിയിച്ചതായും മന്ത്രി ക്വിർനോ പറഞ്ഞു.
ഈ വർഷം അവസാനത്തോടെ മാർപാപ്പയുടെ ലാറ്റിൻ അമേരിക്കൻ പര്യടനത്തിന്റെ ഭാഗമായി അർജന്റീന സന്ദർശനം ഉണ്ടായേക്കുമെന്നാണ് സൂചനകൾ. നേരത്തെ മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ചകളിൽ തന്നെ പാപ്പ, അർജന്റീന സന്ദർശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അർജന്റീനയിലെ ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും സാമൂഹിക ഐക്യത്തിനും മാർപാപ്പയുടെ സന്ദർശനം വലിയ ഊർജ്ജമാകുമെന്ന് പ്രസിഡന്റ് മിലെയ് കത്തിൽ സൂചിപ്പിച്ചു.
ഫ്രാൻസിസ് മാർപാപ്പ തന്റെ 12 വർഷത്തെ കാലയളവിൽ സ്വന്തം നാടായ അർജന്റീന സന്ദർശിച്ചിരുന്നില്ല. അതിനാൽ ലെയോ പാപ്പയുടേ സന്ദർശനം രാജ്യത്തെ വിശ്വാസികൾക്കും ഭരണകൂടത്തിനും വലിയ പ്രാധാന്യമുള്ള ഒന്നാണ്. സന്ദർശനത്തിന്റെ കൃത്യമായ തീയതികൾ വത്തിക്കാൻ വൃത്തങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.



