വാർദ്ധക്യത്തിന്റെ ദുർബലതയിൽ പോലും, ഓരോ വ്യക്തിയോടുമുള്ള ദൈവത്തിന്റെ സ്നേഹം ഒരിക്കലും കുറയുന്നില്ല എന്ന് എടുത്തു പറഞ്ഞുകൊണ്ട്, മുത്തശ്ശീമുത്തശ്ശന്മാർക്കും വൃദ്ധജനത്തിനുമായുള്ള ആറാം ആഗോള ദിനാചരണത്തിനായി, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, തിരഞ്ഞെടുത്ത വിചിന്തന പ്രമേയം, ” ഞാന്‍ നിന്നെ മറക്കുകയില്ല” എന്ന ഏശയ്യാ പ്രവാചകന്റെ പുസ്തകം, നാല്പത്തിയൊമ്പതാം അദ്ധ്യായം, പതിനഞ്ചാം തിരുവചനമാണ്.

ഈ തിരുവചനം, എല്ലാ മുത്തശ്ശീമുത്തശ്ശന്മാർക്കും, പ്രായമായവർക്കും,  പ്രത്യേകിച്ച് ഏകാന്തതയിൽ ജീവിക്കുന്നവർക്കും, ഉപേക്ഷിക്കപ്പെടുന്നവർക്കും ആശ്വാസത്തിന്റെയും പ്രത്യാശയുടെയും സന്ദേശമാണെന്ന്, പ്രമേയം പ്രസിദ്ധീകരിച്ചുകൊണ്ടുള്ള, അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാൻ ഡിക്കസ്റ്ററിയുടെ മാധ്യമക്കുറിപ്പിൽ പറയുന്നു. അവരിൽ വിലയേറിയ സാന്നിധ്യവും അനുഗ്രഹവും തിരിച്ചറിയണമെന്നും, കുടുംബങ്ങളും, സഭാസമൂഹങ്ങളും വരെ മറന്നു പോകരുതെന്നും കുറിപ്പിൽ അടിവരയിടുന്നു.

2021 ൽ ഫ്രാൻസിസ് പാപ്പാ  സ്ഥാപിച്ച മുത്തശ്ശീമുത്തശ്ശന്മാർക്കും വൃദ്ധജനത്തിനുമായുള്ള ആഗോള  ദിനം ജൂലൈ മാസത്തിലെ നാലാമത്തെ ഞായറാഴ്ച്ചയാണ് ആഘോഷിക്കുന്നത്. വയോജനങ്ങളുമായുള്ള സഭയുടെ അടുപ്പം ഊട്ടിയുറപ്പിക്കുന്നതിനും,  കുടുംബങ്ങളിലും സമൂഹങ്ങളിലും അവരുടെ പ്രാധാന്യം എടുത്തുകാണിക്കുന്നതിനുമാണ് ഈ പ്രത്യേക ദിനം കൊണ്ടാടുന്നത്.  ഓരോ രൂപതയുടെയും കത്തീഡ്രൽ പള്ളിയിൽ വിശുദ്ധ കുർബാനയാഘോഷത്തോടെ  ഈ ദിനം ആഘോഷിക്കാൻ പരിശുദ്ധ പിതാവ് ഏവരെയും ക്ഷണിക്കുന്നു. ലോകമെമ്പാടുമുള്ള പ്രാദേശിക സഭകൾ, സഭകൂട്ടായ്മകൾ, സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ, ഈ ദിനം ഭംഗിയായും, അർത്ഥവത്തായും കൊണ്ടാടുവാൻ ഡിക്കസ്റ്ററി ഏവരോടും അഭ്യർത്ഥിക്കുന്നുവെന്നും കുറിപ്പിൽ ചൂണ്ടിക്കാണിച്ചു.