മിലാൻ-കോർട്ടിന ഡി ആമ്പെസ്സോയിൽ നടക്കുന്ന 2026 ലെ ശീതകാല ഒളിമ്പിക് ഗെയിംസിനു മുന്നോടിയായി, കായികരംഗത്തിന്റെ ആഴത്തിലുള്ള മാനുഷികമൂല്യങ്ങൾ സംരക്ഷിക്കാനും ലോകസമാധാനത്തിനു വഴിയൊരുക്കാനും ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ മാർപാപ്പ. ഫെബ്രുവരി ആറിന് വത്തിക്കാൻ പുറത്തിറക്കിയ കത്തിൽ, ഒളിമ്പിക് ഗെയിംസിന്റെ പുരാതന പാരമ്പര്യമായ ‘ഒളിമ്പിക് ഉടമ്പടി’ വീണ്ടും സ്വീകരിക്കണമെന്ന് രാജ്യങ്ങളോട് ആവശ്യപ്പെടുന്നു.

ഉത്തേജക മരുന്നുകളുടെ ഉപയോഗം, അഴിമതി, താരങ്ങളോടുള്ള അതിരുകടന്ന ആരാധന എന്നിവ കായികരംഗത്തിന്റെ യഥാർഥ ലക്ഷ്യത്തെ വളച്ചൊടിക്കുന്നുവെന്ന് പാപ്പ മുന്നറിയിപ്പ് നൽകി. കായികം വെറും മത്സരം മാത്രമല്ല, ശരീരത്തിനും ആത്മാവിനും ഒരുപോലെ ഗുണം ചെയ്യുന്ന മനുഷ്യാനുഭവമാണെന്നും പരിശുദ്ധ പിതാവ് വ്യക്തമാക്കി.

കായികരംഗത്തിൽ മനുഷ്യവ്യക്തി എപ്പോഴും കേന്ദ്രത്തിലായിരിക്കണമെന്ന് ഓർമ്മിപ്പിച്ച പാപ്പ, ഉത്തേജകമരുന്നിന്റെ ഉപയോഗത്തെക്കുറിച്ചും അനീതിയെക്കുറിച്ചും മുന്നറിയിപ്പ് നൽകി. ആരാധക ആവേശം മതഭ്രാന്തായി മാറുമ്പോൾ അത് വിഭജനത്തിനും അക്രമത്തിനും കാരണമാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അവസാനമായി, സ്പോർട്സ് വിവേചനത്തിന്റെയും മാനുഷിക-ആത്മീയവളർച്ചയുടെയും ഒരു ഇടമായി സഭകൾ കാണണമെന്നും വിജയം മാത്രമല്ല, പങ്കിടലും പരസ്പരബഹുമാനവും ഒരുമിച്ച് സംഭവിക്കുമ്പോഴാണ് ‘സമൃദ്ധമായ ജീവിതം’ ഉണ്ടാകുന്നതെന്നും പാപ്പാ പറഞ്ഞു.