മനുഷ്യക്കടത്ത് മനുഷ്യരാശിക്കെതിരായ ഗുരുതര കുറ്റകൃത്യമാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ഫെബ്രുവരി എട്ടിന് മനുഷ്യക്കടത്തിനെതിരെയുള്ള പന്ത്രണ്ടാമത് ലോക പ്രാർഥനാ–അവബോധ ദിനം ആചരിക്കുന്നതിനോടനുബന്ധിച്ചു പുറത്തിറക്കിയ സന്ദേശത്തിലാണ്, ഈ ആധുനിക അടിമത്തത്തെ നേരിടാനും അത് അവസാനിപ്പിക്കാനുമുള്ള കത്തോലിക്കാ സഭയുടെ പ്രതിബദ്ധത പരിശുദ്ധ പിതാവ് പുതുക്കിയത്.
ഓൺലൈൻ ഇടങ്ങളിലടക്കം പുതിയതും ആശങ്കാജനകവുമായ രൂപങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യക്കടത്തിന്റെ വിപത്തിനെതിരെ ലോകസമൂഹം ജാഗ്രത പാലിക്കണമെന്ന് മാർപാപ്പ ആഹ്വാനം ചെയ്തു. ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ‘നിങ്ങൾക്കു സമാധാനം’ എന്ന വാക്കുകളെ പരാമർശിച്ച പാപ്പ, അവ നവീകരിക്കപ്പെട്ട മാനവികതയിലേക്കുള്ള പാതയാണെന്ന് വ്യക്തമാക്കി.
“ഓരോ വ്യക്തിയുടെയും ദൈവദത്തമായ അന്തസ്സിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെയാണ് യഥാർഥ സമാധാനം ആരംഭിക്കുന്നത്” എന്ന് പാപ്പ പറഞ്ഞു. എന്നാൽ വർധിച്ചുവരുന്ന അക്രമത്തിന്റെ കാലഘട്ടത്തിൽ, ആയുധങ്ങളിലൂടെ സമാധാനം സ്ഥാപിക്കാമെന്ന തെറ്റായ ധാരണയിലേക്ക് മനുഷ്യർ വഴുതിപ്പോകുന്നുവെന്നും മാർപാപ്പ മുന്നറിയിപ്പ് നൽകി.
മനുഷ്യജീവിതത്തോടുള്ള അവഗണനയാണ് മനുഷ്യക്കടത്ത് വർധിക്കാൻ ഇടയാക്കുന്നതെന്നും, സായുധസംഘർഷങ്ങളും ഭൗമരാഷ്ട്രീയ അസ്ഥിരതയും മനുഷ്യരെ ചൂഷണം ചെയ്യാനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നുവെന്നും പാപ്പ പറഞ്ഞു.



