ആഗോളതലത്തിൽ കുട്ടികൾ നേരിടുന്ന വെല്ലുവിളികളും അവർക്കെതിരെയുള്ള അതിക്രമങ്ങളും വർധിച്ചുവരുന്നതിൽ ആഴത്തിലുള്ള ദുഃഖവും ആശങ്കയും രേഖപ്പെടുത്തി ലെയോ പതിനാലാമൻ മാർപാപ്പ. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള ‘ഫ്രം ക്രൈസിസ് ടു കെയർ’ (From crisis to care) എന്ന പദ്ധതിയുടെ ഭാരവാഹികളുമായി വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തവെയാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.

​കുട്ടികളുടെ സംരക്ഷണത്തിനായി അന്താരാഷ്ട്രതലത്തിൽ പ്രഖ്യാപനങ്ങൾ നടക്കുന്നുണ്ടെങ്കിലും പ്രായോഗികതലത്തിൽ കാര്യമായ പുരോഗതി ഉണ്ടാകാത്തത് വലിയ ദുരന്തമാണെന്ന് മാർപാപ്പ പറഞ്ഞു. കഠിനമായ ദാരിദ്ര്യം, പീഡനങ്ങൾ, കുടിയേറ്റം, വിദ്യാഭ്യാസത്തിന്റെ അഭാവം എന്നിവ മൂലം ലക്ഷക്കണക്കിന് കുട്ടികളുടെ ജീവിതം ദുരിതത്തിലാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

​കുട്ടികളുടെ വ്യക്തിത്വ വികാസത്തിന് മാതാപിതാക്കളുടെ സാന്നിധ്യം അത്യന്താപേക്ഷിതമാണെന്നു പറഞ്ഞ പാപ്പ, ലോകത്തിന്റെ ശ്രദ്ധ കിട്ടാത്ത നിശ്ശബ്ദരാക്കപ്പെട്ട കുട്ടികൾക്കു വേണ്ടി സംസാരിക്കുന്നത് ഉദാത്തമായ ദൗത്യമാണെന്ന് സൂചിപ്പിച്ചുകൊണ്ട് പ്രവർത്തകരെ അഭിനന്ദിച്ചു. ​തളരാതെ മുന്നോട്ടുപോകാൻ ഭാരവാഹികളെ പ്രോത്സാഹിപ്പിച്ച മാർപാപ്പ, കുട്ടികളുടെ പ്രശ്നങ്ങൾ സമഗ്രമായി പരിഹരിക്കാനുള്ള കർമ്മപദ്ധതികൾ തയ്യാറാക്കണമെന്നും നിർദേശിച്ചു.