യേശുവിനെ ദൈവാലയത്തിൽ സമർപ്പിച്ച വേളയിൽ ശിമയോനും അന്നയും മിശിഹായെ തിരിച്ചറിയുന്നതും പ്രഖ്യാപിക്കുകയും ചെയ്യുന്ന രംഗങ്ങളെ സ്നേഹത്തിന്റെ രണ്ട് ചലനങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ച്ച എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ഫെബ്രുവരി മാസം രണ്ടാം തീയതി, സമർപ്പിതരുടെ ആഗോളദിനത്തിൽ വിശുദ്ധബലിമധ്യേ നൽകിയ വചനസന്ദേശം പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പ ആരംഭിച്ചത്. മനുഷ്യനെ രക്ഷിക്കാൻ വരുന്ന ദൈവത്തിന്റെയും ജാഗ്രതയോടെ അവന്റെ വരവിനെ കാത്തിരിക്കുന്ന മനുഷ്യന്റെയും കൂടിക്കാഴ്ച്ചയാണ് അതെന്നും പാപ്പ എടുത്തുപറഞ്ഞു.

ദാരിദ്ര്യപൂർണ്ണമായ സാഹചര്യത്തിലുള്ള യേശുവിന്റെ കുടുംബപശ്ചാത്തലം, മനുഷ്യരാശിയുടെ സ്വാതന്ത്ര്യത്തോടുള്ള ബഹുമാനവും നമ്മുടെ ദരിദ്രമായ അവസ്ഥയിലുള്ള അവന്റെ പൂർണ്ണപങ്കാളിത്തവും വ്യക്തമാക്കുന്നുവെന്നും പാപ്പ പറഞ്ഞു. ഏദൻതോട്ടത്തിൽ നിന്ന് ദൈവാലയത്തിന്റെ മുറ്റങ്ങളിലേക്ക് കടന്നുവന്ന രക്ഷയുടെ ഒരു നീണ്ട ചരിത്രത്തിന്റെ പരിസമാപ്തിയാണ് വൃദ്ധന്മാരായ ശിമയോൻ, അന്ന എന്നിവരിൽ ഇസ്രായേൽ ജനത്തിന്റെ പ്രതീക്ഷ അതിന്റെ പാരമ്യത്തിൽ പ്രതിനിധീകരിക്കപ്പെടുന്നതെന്നും പാപ്പ ചൂണ്ടിക്കാട്ടി.

ഈ നീണ്ട ചരിത്രത്തിൽ വെളിച്ചങ്ങളും നിഴലുകളും വീഴ്ചകളും വീണ്ടെടുക്കലുകളും അടയാളപ്പെടുത്തപ്പെട്ടുവെന്നും എന്നാൽ സ്രഷ്ടാവുമായുള്ള സൃഷ്ടിയുടെ പൂർണ്ണകൂട്ടായ്മ പുനഃസ്ഥാപിക്കുക എന്ന ഒരേയൊരു സുപ്രധാന ആഗ്രഹമാണ് ഈ ചരിത്രത്തിന്റെ ശക്തിയെന്നും പാപ്പ എടുത്തുപറഞ്ഞു.

അതിനാൽ മുപ്പതാമത് ആഗോള സമർപ്പിതദിനത്തിൽ കർത്താവിന്റെ സാന്നിധ്യം പ്രഘോഷിക്കുകയും വഴിയൊരുക്കുകയും ചെയ്യുന്ന സന്ദേശവാഹകരെന്ന നിലയിൽ, പ്രവാചകദൗത്യത്താൽ ലോകത്തെ ഉണർത്തുക എന്നതാണ് സഭ ഏവരോടും ആവശ്യപ്പെടുന്നതെന്ന് പാപ്പ ഊന്നിപ്പറഞ്ഞു. ഇന്നത്തെ സമൂഹത്തിൽ, സ്നേഹത്താലും കൃപയാലും കരുണയാലും ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുന്ന ക്രിസ്തുവിന്റെ സാന്നിധ്യം ഉറപ്പുവരുത്തുന്നതിനായി സമർപ്പിതർ പ്രാർഥനയിലൂടെയും ഉപവിയിലൂടെയും സ്വയം സമർപ്പിക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു.

ഓരോ സന്യാസ സഭയുടെയും സ്ഥാപകർ, ഇപ്രകാരം പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളോട് വിധേയരായി എപ്രകാരം ജീവിക്കാം എന്ന മാതൃകകളാണ് നൽകിയിരിക്കുന്നതെന്നും അത് വിശുദ്ധ കുർബാനയുടെ ബലിവേദിയിൽ നിന്നുമാണ് ആരംഭിച്ചതെന്നും പാപ്പ ചൂണ്ടിക്കാട്ടി. അവരുടെ എല്ലാ പ്രവൃത്തികളുടെയും ഉറവിടവും ലക്ഷ്യവും ദൈവത്തിൽ കണ്ടെത്തിക്കൊണ്ട് വിവിധങ്ങളായ പ്രേഷിതപ്രവർത്തനങ്ങൾ ആരംഭിച്ചതും പാപ്പ അനുസ്മരിച്ചു.

ശത്രുതാപരവും നിസ്സംഗവുമായ ചുറ്റുപാടുകളിൽ പ്രാർഥനാപൂർവമായ സാന്നിധ്യവും അധഃപതനത്തിന്റെയും ഉപേക്ഷിക്കലിന്റെയും സന്ദർഭങ്ങളിൽ ഔദാര്യത്തിന്റെ സേവകരും യുദ്ധത്തിന്റെയും വിദ്വേഷത്തിന്റെയും സാഹചര്യങ്ങൾക്കിടയിൽ സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും സാക്ഷികളും ആയിത്തീർന്നുകൊണ്ട് ക്രിസ്തുവിൽ തങ്ങളെത്തന്നെ ‘വൈരുധ്യത്തിന്റെ അടയാളം’ ആക്കിത്തീർത്തുകൊണ്ട്, രക്തസാക്ഷിത്വത്തിലേക്കു പോലും നടന്നടുത്തവരാണ് അവരെന്നും പാപ്പ ചൂണ്ടിക്കാട്ടി.

വിശ്വാസവും ജീവിതവും അകന്നുനിൽക്കുന്നതായി തോന്നുന്ന ഈ ലോകത്തിൽ, ദൈവം എല്ലാ ജനങ്ങൾക്കും രക്ഷയായി ചരിത്രത്തിലുണ്ടെന്ന് സാക്ഷ്യപ്പെടുത്താൻ സമർപ്പിതർ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പ ഓർമ്മപ്പെടുത്തി. ചെറുപ്പക്കാർ, പ്രായമായവർ, ദരിദ്രർ, രോഗികൾ, തടവിലാക്കപ്പെട്ടവർ എന്നിവർക്ക് കർത്താവിന്റെ ബലിപീഠത്തിലും അവന്റെ ഹൃദയത്തിലും സ്ഥാനമുണ്ടെന്ന് തിരിച്ചറിയാൻ സമർപ്പിതരുടെ സാക്ഷ്യം സഹായകരമാകട്ടെയെന്നും പാപ്പ ആശംസിച്ചു.

തുടർന്ന് സമർപ്പിതജീവിതത്തിന്റെ വ്യതിരിക്തതയും പാപ്പ എടുത്തുപറഞ്ഞു. സമർപ്പിതർ, നശ്വരമായവയിൽ നിന്നുള്ള അകലം പാലിക്കുന്നതിലൂടെ, ഭൗമിക യാഥാർഥ്യങ്ങളോടുള്ള ഏറ്റവും യഥാർഥമായ കരുതലും നിത്യമായ യാഥാർഥ്യങ്ങളിലെ സ്നേഹനിർഭരമായ പ്രത്യാശയും തമ്മിലുള്ള അഭേദ്യത പഠിപ്പിക്കുന്നുവെന്നും പാപ്പ ചൂണ്ടിക്കാട്ടി. “സഭ… സ്വർഗീയമഹത്വത്തിൽ മാത്രമേ അതിന്റെ പൂർത്തീകരണം ഉണ്ടാകുകയുള്ളൂ. ക്രിസ്തുവിൽ അതിന്റെ നിർണ്ണായക പൂർണ്ണത കണ്ടെത്തും” എന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ വചനങ്ങളുടെ പ്രവാചകസാക്ഷികളായി മാറാൻ സമർപ്പിതർക്ക് കടമയുണ്ടെന്നും പാപ്പ ഓർമ്മപ്പെടുത്തി.

സമർപ്പിതരുടെ സാന്നിധ്യത്തിന്, സഭ ഇന്ന് ഏറെ കൃതജ്ഞതാഭരിതയാണെന്നും ദൈവം അയക്കുന്നിടത്ത് സമാധാനത്തിന്റെ പുളിപ്പും പ്രത്യാശയുടെ അടയാളവുമായിരിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നും പറഞ്ഞ പാപ്പ, പരിശുദ്ധ അമ്മയുടെയും സന്യാസ സഭാസ്ഥാപകരുടെയും സംരക്ഷണത്തിന് ഏവരെയും ഭരമേൽപിക്കുകയും ചെയ്തു.