സ്നേഹം നിഷ്ക്രിയമാകാതെ അപരനുമായുള്ള സംഗമത്തിന്റെ അടിസ്ഥാനമാകണമെന്ന് ആഗോള രോഗീദിനത്തിനു മുന്നോടിയായി നൽകിയ സന്ദേശത്തിൽ ലെയോ പാപ്പ. അതേസമയം, ഫെബ്രുവരി 11 ന് 34-ാമത്, ആഗോള രോഗീദിനം പെറുവിലെ ചിക്ളായോയിൽ വച്ച് ആഘോഷിക്കുകയാണ്.
ലെയോ പതിനാലാമൻ പാപ്പ തന്റെ സന്ദേശത്തിൽ, ദാനധർമ്മപ്രവൃത്തികളുടെ സൗന്ദര്യവും അനുകമ്പയുടെ സാമൂഹികമാനം വീണ്ടെടുക്കാനും രോഗികളെപ്പോലെ ദരിദ്രരിലും കഷ്ടപ്പെടുന്നവരിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഏവരെയും ക്ഷണിച്ചുകൊണ്ട് നല്ല സമരിയക്കാരന്റെ ചിത്രം എടുത്തുകാണിച്ചു. നിസ്സംഗതയുടെ സംസ്കാരത്തിൽ മുഴുകിയിരിക്കുന്ന ഒരു തലമുറയ്ക്ക് കണ്ടുമുട്ടലിന്റെ കൃപയും അടുപ്പവും സാന്നിധ്യവും ഉളവാക്കുന്ന സന്തോഷവും എടുത്തുകാണിക്കുന്നതാണ് സമരിയക്കാരന്റെ മാതൃകയെന്ന് പാപ്പ പറഞ്ഞു.
ശ്രദ്ധാപൂർവമായ നോട്ടം, മാനുഷികവും പിന്തുണയ്ക്കുന്നതുമായ അടുപ്പത്തിലേക്ക് നയിച്ചുവെന്നും സന്ദേശത്തിൽ പാപ്പ ഓർമ്മിപ്പിച്ചു. സമരിയക്കാരന്റെ ഉപമയിലൂടെ, അയൽക്കാരൻ ആരാണെന്നല്ല യേശു പഠിപ്പിക്കുന്നത്, മറിച്ച് എങ്ങനെ അയൽക്കാരനാകാം, എങ്ങനെ അടുപ്പം പുലർത്താം എന്നാണെന്ന് പാപ്പ അടിവരയിട്ടു. ആ മനുഷ്യന്റെ അയൽക്കാരൻ ആരാണെന്നു പഠിപ്പിക്കാൻ കർത്താവ് ആഗ്രഹിച്ചില്ല, മറിച്ച് അവൻ ആരുടെ അയൽക്കാരനായിരിക്കണമെന്ന് പഠിപ്പിക്കാൻ കർത്താവ് ആഗ്രഹിച്ചുവെന്ന് വി. അഗസ്റ്റിന്റെ വാക്കുകളിൽ പാപ്പ ഓർമ്മപ്പെടുത്തി.
സ്നേഹം നിഷ്ക്രിയമല്ല, അത് അപരനെ കണ്ടുമുട്ടാൻ നമ്മെ സഹായിക്കുന്നതാണെന്ന് പാപ്പ പറഞ്ഞു. എന്നാൽ ഇത് ശാരീരികമോ, സാമൂഹികമോ ആയ അടുപ്പത്തെ ആശ്രയിച്ചല്ലെന്നും മറിച്ച് സ്നേഹിക്കാനുള്ള തീരുമാനത്തെ ആശ്രയിച്ചാണെന്നും പറഞ്ഞ പാപ്പാ, അതിനാൽ നല്ല സമരിയക്കാരനായ ക്രിസ്തുവിന്റെ മാതൃക പിന്തുടർന്നുകൊണ്ട്, കഷ്ടപ്പെടുന്നവരുടെ അയൽക്കാരനായിത്തീരാനാണ് ക്രിസ്ത്യാനി വിളിക്കപ്പെട്ടിരിക്കുന്നതെന്നും വെളിപ്പെടുത്തി.



