കത്തോലിക്കാ സഭയുടെ പരമമായ ദൗത്യം സുവിശേഷ പ്രഘോഷണമാണെന്നും ആ ദൗത്യത്തിൽ കർദിനാൾമാരുടെ പൂർണ പിന്തുണയും സഹകരണവും താൻ ആഗ്രഹിക്കുന്നുവെന്നും ലെയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു. വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ നടന്ന കർദിനാൾമാരുടെ പ്രത്യേക യോഗത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയാക്കി സംസാരിക്കുകയായിരുന്നു പാപ്പ.
സഭയുടെ ഭാവി പ്രവർത്തനങ്ങൾക്കായി ‘സിനഡാലിറ്റി’, ‘സുവിശേഷത്തിന്റെ സന്തോഷം’ എന്നീ രണ്ട് വിഷയങ്ങളാണ് കർദിനാൾമാർ ചർച്ചയ്ക്കായി തിരഞ്ഞെടുത്തത്. ഈ തിരഞ്ഞെടുപ്പിനെ പാപ്പ അഭിനന്ദിച്ചു.”നിങ്ങളാണ് ഈ ദാസനെ ഈ ദൗത്യത്തിലേക്ക് വിളിച്ചത്. അതിനാൽ നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാം വിവേചിച്ചറിയാം. പരിശുദ്ധാത്മാവ് സഭയോട് എന്താണ് ആവശ്യപ്പെടുന്നത് എന്ന് നമുക്ക് ഒന്നിച്ച് തിരയാം.” കർദിനാൾമാരെ അഭിസംബോധന ചെയ്തുകൊണ്ട് പാപ്പ പറഞ്ഞു:
എപ്പിഫാനി തിരുനാളിനോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലെ ചോദ്യം പാപ്പ വീണ്ടും ആവർത്തിച്ചു ” നമ്മുടെ സഭയിൽ ജീവനുണ്ടോ ? ” തീർച്ചയായും ഉണ്ടെന്ന് പാപ്പാ തന്നെ മറുപടി നൽകി. ഭയം കാഴ്ചയെ മറയ്ക്കുമെന്നും എന്നാൽ സുവിശേഷം നമ്മെ സ്വതന്ത്രരാക്കുമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.



