“അക്രമത്തെ മറികടക്കുക, രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുക” എന്ന് വെനിസ്വേലയെക്കുറിച്ച് ലെയോ പതിനാലാമൻ പാപ്പ. അതേസമയം, വെനിസ്വേലൻ ജനതയുടെ നന്മ നിലനിൽക്കണമെന്നും നിയമവാഴ്ച ഉയർത്തിപ്പിടിക്കണമെന്നും എല്ലാവരുടെയും മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും ബഹുമാനിക്കപ്പെടണമെന്നും പാപ്പ ആഞ്ചലൂസ് പ്രാർഥനയ്ക്കിടെ ആഹ്വാനം ചെയ്തു.
ഡിസംബർ മൂന്നിന് കാരക്കാസിൽ വച്ച് അമേരിക്കൻ സൈന്യം വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അറസ്റ്റ് ചെയ്ത് ന്യൂയോർക്കിലേക്കു കൊണ്ടുവന്നതിനെത്തുടർന്ന് വെനിസ്വേലയിലുണ്ടായ സമീപകാല സംഭവവികാസങ്ങളിൽ ലെയോ പാപ്പ ആശങ്ക പ്രകടിപ്പിച്ചു. സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ സംസാരിച്ച പാപ്പ, വെനിസ്വേലൻ ജനതയ്ക്കുവേണ്ടി പ്രാർഥിക്കാൻ എല്ലാവരെയും ക്ഷണിച്ചു. ഒപ്പം, പാപ്പ തന്റെ പ്രാർഥനകൾ അവർക്ക് ഉറപ്പുനൽകുകയും ചെയ്തു.
“പ്രിയപ്പെട്ട വെനിസ്വേലൻ ജനതയുടെ നന്മ മറ്റെല്ലാ പരിഗണനകളേക്കാളും പ്രബലമാവുകയും അക്രമത്തെ മറികടക്കാനും, നീതിയുടെയും സമാധാനത്തിന്റെയും പാതകൾ സ്വീകരിക്കാനും, രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനും, ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിയമവാഴ്ച ഉറപ്പാക്കാനും, ഓരോ വ്യക്തിയുടെയും എല്ലാവരുടെയും മനുഷ്യാവകാശങ്ങളെയും പൗരാവകാശങ്ങളെയും ബഹുമാനിക്കാനും, സഹകരണത്തിന്റെയും സ്ഥിരതയുടെയും ഐക്യത്തിന്റെയും ശാന്തമായ ഒരു ഭാവി കെട്ടിപ്പടുക്കാൻ പ്രവർത്തിക്കാനും, ബുദ്ധിമുട്ടുള്ള സാമ്പത്തിക സാഹചര്യം കാരണം കഷ്ടപ്പെടുന്ന ദരിദ്രർക്ക് പ്രത്യേക ശ്രദ്ധ നൽകാനും നമ്മെ നയിക്കുകയും വേണം” – പാപ്പ കൂട്ടിച്ചേർത്തു.
എല്ലാ വെനിസ്വേലക്കാരെയും ലെയോ പാപ്പ, കൊറോമോട്ടോയിലെ മാതാവ്, വെനിസ്വേലയുടെ രക്ഷാധികാരി, സെന്റ് ജോസ് ഗ്രിഗോറിയോ ഹെർണാണ്ടസ്, സെന്റ് കാർമെൻ റെൻഡിൽസ് എന്നിവരുടെ മധ്യസ്ഥതയ്ക്കു ഭരമേൽപിക്കുകയും ചെയ്തു.



