പുതിയ സാങ്കേതികവിദ്യകളുമായുള്ള ബന്ധത്തിന്റെ കാര്യത്തിൽ പുതിയ തലമുറകളെ സഹായിക്കുകയും നയിക്കുകയും ചെയ്യണമെന്ന് ഉദ്‌ബോധിപ്പിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. ഈ ശ്രമങ്ങളിൽ വ്യാപകമായ പങ്കാളിത്തം ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു. 2025 ഡിസംബർ അഞ്ച്, വെള്ളിയാഴ്ച നടന്ന ‘നിർമ്മിതബുദ്ധിയും നമ്മുടെ പൊതുഭവനത്തിനായുള്ള പരിചരണവും’ എന്ന സമ്മേളനത്തിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ധാരാളം ഡാറ്റയും വിവരങ്ങളും ആക്സസ് ചെയ്യാനുള്ള കഴിവിനെ അർഥവും മൂല്യവും നേടാനുള്ള കഴിവുമായി കൂട്ടിക്കുഴയ്ക്കരുതെന്നു വിശദീകരിച്ച പാപ്പാ, “നിലവിലുള്ള സാംസ്കാരിക-സാമ്പത്തിക മാതൃകകളാൽ ഈ യാഥാർഥ്യങ്ങൾ പലപ്പോഴും പാർശ്വവൽക്കരിക്കപ്പെടുകയോ, പരിഹസിക്കപ്പെടുകയോ ചെയ്യുമ്പോൾ നമ്മുടെ നിലനിൽപ്പിന്റെ നിഗൂഢതയും കാതലായ ചോദ്യങ്ങളും നേരിടാനുള്ള സന്നദ്ധതയാണ് രണ്ടാമതായി ആവശ്യപ്പെടുന്നത്” എന്ന് പറഞ്ഞു.
അതേസമയം, സത്യം അന്വേഷിക്കുന്നതിനും വിശാലമായി തീരുമാനമെടുക്കുന്നതിനും സ്വന്തം ബുദ്ധി ഉപയോഗിച്ച് ഈ പുതിയ സാങ്കേതികവിദ്യകൾ എങ്ങനെ ഉപയോഗിക്കാമെന്ന് യുവാക്കളെ പഠിപ്പിക്കാൻ ലെയോ മാർപാപ്പ തന്റെ സദസ്സിനെ ക്ഷണിച്ചു. യുവാക്കളെ വ്യത്യസ്തരും മികച്ചവരുമാക്കാനുള്ള അവരുടെ ആഗ്രഹത്തെ പിന്തുണയ്ക്കുന്നുവെന്നും പരിശുദ്ധ പിതാവ് വ്യക്തമാക്കി.



