വിശ്വാസമുള്ള ആളുകളെന്ന നിലയിൽ ആവശ്യമുള്ളവരെ സഹായിക്കാനും പരിസ്ഥിതിയെ സംരക്ഷിക്കാനും ശബ്ദമുയർത്താൻ ദൈവം നമ്മെ വിളിക്കുന്നുവെന്ന് ലെയോ പതിനാലാമൻ മാർപാപ്പ വിശ്വാസികളെ ഓർമ്മിപ്പിച്ചു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നവംബർ 19 നു നടന്ന ജനറൽ ഓഡിയൻസിൽ, ‘യേശുക്രിസ്തു, നമ്മുടെ പ്രത്യാശ’ എന്ന വിഷയത്തെക്കുറിച്ചുള്ള മതബോധന പരമ്പരയിലാണ് പാപ്പ ഇപ്രകാരം ഓർമ്മിപ്പിച്ചത്.

ക്രിസ്തുവിന്റെ പുനരുത്ഥാനത്തെയും ഇന്നത്തെ ലോകത്തിലെ വെല്ലുവിളികളിൽ അതിന്റെ സ്വാധീനത്തെയും പരിഗണിച്ചാണ് പരിശുദ്ധ പിതാവ് സന്ദേശം ആരംഭിച്ചത്. ക്രിസ്തുവിന്റെ രക്ഷാകരമായ പ്രവൃത്തി നമ്മുടെ എല്ലാ ബന്ധങ്ങളെയും, പ്രത്യേകിച്ച് ദൈവവുമായും മറ്റ് ആളുകളുമായും സൃഷ്ടിയുമായുമുള്ള ബന്ധങ്ങളെയും രൂപാന്തരപ്പെടുത്തുമെന്ന് പാപ്പ പറഞ്ഞു.

മറ്റു സുവിശേഷങ്ങളിൽ കാണാത്ത ഒരു വിശദാംശം വി. യോഹന്നാൻ സുവിശേഷകൻ നമ്മുടെ ശ്രദ്ധയിൽപ്പെടുത്തുന്നത് പാപ്പ ഓർമ്മിച്ചു. “മഗ്ദലന മറിയം ശൂന്യമായ കല്ലറയ്ക്കരികിൽ കരയുമ്പോൾ, ഉയിർത്തെഴുന്നേറ്റ യേശുവിനെ അവൾ ഉടനടി തിരിച്ചറിഞ്ഞില്ല. മറിച്ച് അത് തോട്ടക്കാരനാണെന്ന് അവൾ കരുതി. ചരിത്രത്തെ മാറ്റിമറിക്കുന്ന ആത്മീയഭാഗം ആ ഈസ്റ്റർ പ്രഭാതത്തിൽ മറിയം തിരിഞ്ഞുനടക്കുന്നതിലൂടെ രൂപപ്പെട്ടു. കാരണം ‘പരിവർത്തനത്തിനു ശേഷമുള്ള പരിവർത്തനത്തിലൂടെ’ മാത്രമേ പുതിയ ജെറുസലേമിലേക്ക് പ്രവേശിക്കുകയുള്ളൂ” – പാപ്പ വിശദമാക്കി.