“നമ്മുടെ രാജ്യത്തെ കഷ്ടപ്പാടുകൾക്കു ശേഷം നമുക്ക് സമാധാനവും സന്തോഷവും നൽകാൻ പാപ്പ ഇവിടെയുണ്ട്. ഒരു മുതിർന്ന സഹോദരൻ തന്റെ ഇളയ സഹോദരനെ സന്ദർശിക്കുന്നതു പോലെയാണ് ഈ കൂടിക്കാഴ്ചയെ കാണാൻ കഴിയുന്നത്” – ലെയോ പാപ്പയുമായുള്ള കൂടിക്കാഴ്ചയെ ലെബനനിലെ യുവജനങ്ങൾ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. ബെയ്റൂട്ടിനടുത്തുള്ള ബ്കെർക്കയിലെ മരോണൈറ്റ് പാത്രിയാർക്കേറ്റിനു മുന്നിലുള്ള സ്ക്വയറിൽ 15,000 യുവജനങ്ങളാണ് പാപ്പയെ ഒരുനോക്ക് കാണാനായി ഒത്തുകൂടിയത്.

ഡിസംബർ ഒന്നിന് പാപ്പയുടെ സന്ദർശനവേളയിൽ ലോഗോ പതിച്ച സ്കാർഫുകൾ ധരിച്ചും ലെബനീസ്, ഹോളി സീ പതാകകൾ വീശിയും ആവേശഭരിതരായ യുവജനങ്ങളെക്കൊണ്ട് ബ്കെർക്കയിലെ മരോണൈറ്റ് പാത്രിയാർക്കേറ്റിനു മുൻപിലുള്ള ചത്വരവും ചുറ്റുമുള്ള സ്ഥലങ്ങളും നിറഞ്ഞിരുന്നു. ആ അന്തരീക്ഷം കണ്ടാൽ ഒരു ചെറിയ ആഗോള യുവജനദിനം പോലെയായിരുന്നു. ലെബനനിലെമ്പാടും നിന്ന് അവർ എത്തി. പാപ്പയുടെ പ്രതീക്ഷ നിറയ്ക്കുന്ന വാക്കുകൾ കേട്ടപ്പോൾ അവർ ആഹ്ളാദിക്കുകയും നൃത്തം ചെയ്യുകയും കൈകൊട്ടുകയും ചെയ്തു. വളരെയേറെ പ്രതിസന്ധികളെ അഭിമുഖീകരിച്ച ആ നാടിന് പാപ്പയുടെ വാക്കുകൾ ഏറെ ആശ്വാസം നൽകുന്നതായിരുന്നു.