സ്വപ്നം കാണാനും പദ്ധതികൾ തയ്യാറാക്കാനും നന്മ ചെയ്യാനും ഇനിയും സമയമുണ്ടെന്ന് ലെബനനിലെ യുവജനങ്ങളോട് ലെയോ പാപ്പ. ലെബനനിലെ ബ്കെർക്കെയിൽ യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തവേയാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.
നിരാശയിൽ തളരരുതെന്നും യഥാർഥ സ്നേഹത്തിൽ വേരൂന്നിയ സൗഹൃദങ്ങൾ വളർത്തിയെടുക്കണമെന്നും ചരിത്രത്തിന്റെ ഗതിമാറ്റാൻ ആവശ്യമായ ആവേശം നിലനിർത്തണമെന്നും പാപ്പ യുവജനങ്ങളോട് അഭ്യർഥിച്ചു. സന്നദ്ധപ്രവർത്തകരുടെയും യുവാക്കളുടെയും സാക്ഷ്യങ്ങളോടെയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് രണ്ടുപേർ കൂടി പരിശുദ്ധ പിതാവിനോട് ചോദ്യങ്ങൾ ചോദിച്ചു. ‘ഉയിർത്തെഴുന്നേറ്റ യേശുവിന്റെ വന്ദനം’, ‘നിങ്ങൾക്ക് സമാധാനം ഉണ്ടാകട്ടെ’ എന്ന് സന്നിഹിതരായിരുന്നവരെ അഭിസംബോധന ചെയ്തുകൊണ്ടാണ് മാർപാപ്പ തന്റെ പ്രസംഗം ആരംഭിച്ചത്.
മഹത്വപൂർണ്ണവും ദുഷ്കരവുമായ നിമിഷങ്ങളാൽ നിറഞ്ഞതാണ് ലെബനന്റെ ചരിത്രം. ചരിത്രപരമായ ഈ ഭൂതകാലത്തിൽ, യുവജനങ്ങൾ പ്രതീക്ഷ കൈവിടരുതെന്ന് പാപ്പ ആഹ്വാനം ചെയ്തു. “യുദ്ധങ്ങളാൽ കീറിമുറിക്കപ്പെടുകയും സാമൂഹിക അനീതിയാൽ വികൃതമാക്കപ്പെടുകയും ചെയ്ത ഒരു ലോകം അവകാശപ്പെട്ടതിൽ നിങ്ങൾ ഖേദിക്കുന്നുണ്ടാകാം. എന്നിരുന്നാലും, നിങ്ങളിൽ പ്രത്യാശയുണ്ട്. പദ്ധതികൾ തയ്യാറാക്കാനും സ്വപ്നം കാണാനും നന്മ ചെയ്യാനും ഇനിയും സമയമുണ്ട്” – പാപ്പ യുവജനങ്ങളെ ഉദ്ബോധിപ്പിച്ചു.



