വി. ഫ്രാൻസിസ് അസീസിയുടെ എണ്ണൂറാം ചരമവാർഷികാഘോഷത്തിന്റെ ഭാഗമായി ലെയോ പതിനാലാമൻ മാർപാപ്പ അസീസിയിലെത്തി വിശുദ്ധന്റെ ശവകുടീരം സന്ദർശിച്ചു. ഈ സന്ദർശനത്തിൽ പാപ്പ ഇറ്റാലിയൻ ബിഷപ്പുമാരുമായും കൂടിക്കാഴ്ച നടത്തി. കനത്ത മഴയും തണുപ്പും അവഗണിച്ച് നിരവധി വിശ്വാസികളും എത്തിയിരുന്നു.

ഈ വിശുദ്ധസ്ഥലത്ത് വരാൻ കഴിയുന്നത് ഒരു അനുഗ്രഹമാണെന്നും ലോകം പ്രത്യാശയുടെ അടയാളങ്ങൾ തേടുന്ന ഈ കാലത്ത് വി. ഫ്രാൻസിസിന്റെ ദാരിദ്ര്യവും വിനയവും ഇന്നും നമ്മോട് സംസാരിക്കുന്നുവെന്നും പാപ്പ പറഞ്ഞു. തുടർന്ന് പാപ്പ, ഔർ ലേഡി ഓഫ് ദി ഏഞ്ചൽസ് ബസിലിക്കയിൽ നടന്ന ഇറ്റാലിയൻ മെത്രാന്മാരുടെ 81-ാം ജനറൽ അസംബ്ലിയിൽ പങ്കെടുത്തു. ഉംബ്രിയയിലെ ആത്മീയ പൈതൃകകേന്ദ്രമായ മോണ്ടെഫാൽക്കോയിലെ അഗസ്റ്റീനിയൻ സന്യാസിനികളുടെ മഠത്തിൽ പരിശുദ്ധ കുർബാന അർപ്പിച്ചശേഷം പാപ്പ വത്തിക്കാനിലേക്കു മടങ്ങി.