ചൈനയിൽ സിയോൺ ചർച്ചിന്റെ ഒന്നിലധികം ശാഖകളും സ്ഥലങ്ങളും റെയ്ഡ് ചെയ്ത് അധികൃതർ. ക്രിസ്തുമതത്തിനെതിരായ നടപടികൾ ഇവിടെ തുടരുകയാണ്. മെയ് അവസാനത്തിലും ജൂൺ ആദ്യത്തിലും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (സി സി പി) ഉദ്യോഗസ്ഥർ നിരവധി പള്ളികൾക്കെതിരെ നടപടികൾ ആരംഭിക്കുകയും നിരവധിപ്പേരെ കസ്റ്റഡിയിലെടുക്കുകയും പള്ളിയിൽ എത്തുന്നവരെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെ മതസ്വാതന്ത്ര്യത്തെ അടിച്ചമർത്താനുള്ള ചൈനീസ് അധികൃതരുടെ അജണ്ട കൂടുതൽ പ്രകടമാക്കി.
1,500 അംഗങ്ങളുള്ള ഒരുകാലത്ത് ബീജിംഗിലെ ഏറ്റവും വലിയ ഹൗസ് ചർച്ചായിരുന്ന ബീജിംഗ് സിയോൺ ചർച്ച് 2018 ൽ അധികാരികൾ നിരോധിച്ചു. ഇത് മറ്റ് സ്ഥലങ്ങളിലേക്ക് പോകുവാൻ നിർബന്ധിതരാക്കി. എങ്കിലും പള്ളികൾ ആവർത്തിച്ച് റെയ്ഡ് ചെയ്യപ്പെടുകയും ചിതറിക്കപ്പെടുകയും ചെയ്തു. വിവിധ പള്ളികളെ ഇല്ലാതാക്കാൻ സർക്കാർ ശ്രമിച്ചിട്ടും, സഭ ഉറച്ചുനിൽക്കുന്നു.
മെയ് 30 ന് അൻഹുയി പ്രവിശ്യയിലെ ഹെഫെയിലുള്ള സിയോൺ പള്ളിയും നിരവധി സഭാംഗങ്ങളുടെ വീടുകളും അധികൃതർ റെയ്ഡ് ചെയ്തു. ആ സമയത്ത് പുറത്തായിരുന്ന സഭയുടെ അധികാരി ഗാവോ ലെ തന്റെ സഹവിശ്വാസികളെ പിടികൂടിയതായി കേട്ടപ്പോൾ, അദ്ദേഹം എത്രയും വേഗം മടങ്ങി. അഞ്ച് ദിവസത്തേക്ക് അധികാരികൾ അദ്ദേഹത്തെ തടഞ്ഞുവച്ചു.
ജൂൺ ഒന്നിന് ഗുയാങ് പള്ളിയിൽ ഒരു ആരാധനാ ചടങ്ങിനിടെ, പൊലീസ് കെട്ടിടം റെയ്ഡ് ചെയ്യുകയും യാവോ യോങ്ങിനെയും മാവോ യുവെയും വ്യക്തമാക്കാത്ത കുറ്റങ്ങൾ ചുമത്തി 15 ദിവസത്തേക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.