കൊച്ചി: തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ മദ്യലഹരിയില്‍ പ്രതിയുടെ പരാക്രമം. വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി പോലീസിനെ അസഭ്യം പറഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചു. ഞാറയ്ക്കല്‍ സ്വദേശി ദേവദാസ് ആണ് അക്രമാസക്തനായത്. പോലീസ് വാഹനത്തിന്‍റെ ഗ്ലാസ് പ്രതി ചവിട്ടി തകര്‍ത്തു. ഞായറാഴ്ചയാണ് സംഭവം.

വൈകുന്നേരം ഇന്‍ഫോപാര്‍ക്കിന് സമീപം രാജഗിരിക്കടുത്ത് മദ്യലഹരിയില്‍ എത്തിയ യുവാവ് ആളുകളോട് മോശമായി പെരുമാറി. അവിടെ നിന്നും ഹില്‍പാലസ് പോലീസ് ആണ് ദേവദാസിനെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്നാണ് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ യുവാവിനെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചത്.

അക്രമാസക്തനായ പ്രതിയെ കൈവിലങ്ങ് അണിയിച്ചാണ് പോലീസ് ആശുപത്രിയില്‍ എത്തിച്ചത്. ഇതോടെ പോലീസിന് നേരെയും ആശുപത്രിയില്‍ ഉണ്ടായിരുന്ന മറ്റ് ആളുകള്‍ക്ക് നേരെയും ഇയാള്‍ അസഭ്യവര്‍ഷം നടത്തുകയായിരുന്നു. ആശുപത്രിയില്‍ നിന്നും ഹില്‍പാലസ് സ്റ്റേഷനിലേക്ക് എത്തിക്കുന്നതിനിടെയാണ് പ്രതി പോലീസ് ജീപ്പിന്റെ ഗ്ലാസ് ചവിട്ടി തകര്‍ത്തത്.

ഇതോടെ രണ്ടു കേസുകളാണ് യുവവിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോലീസ് ജീപ്പ് തകര്‍ത്തതിനാണ് ഹില്‍ പാലസ് പോലീസിന്റെ എഫ്‌ഐആര്‍. ആളുകളോട് മോശമായി പെരുമാറിയതില്‍ ഇന്‍ഫോപാര്‍ക്ക് പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.