ആഗോള രാഷ്ട്രീയ-സാമ്പത്തിക ക്രമത്തിൽ നിലനിൽക്കുന്ന അസ്ഥിരതകൾക്കിടയിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും (EU) തമ്മിലുള്ള സഹകരണം ലോകത്തിന് തന്നെ മാതൃകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ചൊവ്വാഴ്ച ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടന്ന 16-ാമത് ഇന്ത്യ-ഇയു ഉച്ചകോടിയിൽ ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 18 വർഷം നീണ്ട ചർച്ചകൾക്കൊടുവിലാണ് ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകൾ തമ്മിലുള്ള ഈ ‘മദർ ഓഫ് ഓൾ ഡീൽസ്’ യാഥാർത്ഥ്യമാകുന്നത്.
ചരിത്രപരമായ നാഴികക്കല്ല്
ജനുവരി 27 ഇന്ത്യയുടെയും യൂറോപ്പിന്റെയും ചരിത്രത്തിലെ സുവർണ്ണ ദിനമാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. “ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധം പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇത് വെറുമൊരു വ്യാപാര കരാറല്ല, മറിച്ച് ഇരുപക്ഷത്തിന്റെയും പങ്കിട്ട സമൃദ്ധിക്കായുള്ള ഒരു ബ്ലൂപ്രിന്റ് ആണ്,” അദ്ദേഹം പറഞ്ഞു. 27 രാജ്യങ്ങൾ അടങ്ങുന്ന യൂറോപ്യൻ യൂണിയനുമായുള്ള ഈ കരാർ ആഗോള ജിഡിപിയുടെ 25 ശതമാനത്തെയും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നിനെയും പ്രതിനിധീകരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യാപാര ഉടമ്പടികളിൽ ഒന്നായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



