പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ഔദ്യോഗിക വസതി ലക്ഷ്യമാക്കി യുക്രേനിയൻ ഡ്രോണുകൾ ആക്രമണം നടത്താൻ ശ്രമിച്ചെന്ന റഷ്യയുടെ അവകാശവാദത്തിന് പിന്നാലെ സംഭവത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘർഷം രൂക്ഷമാകുന്നതിൽ താൻ വളരെയധികം ആശങ്കാകുലനാണെന്ന് അദ്ദേഹം പറഞ്ഞു. സമാധാനത്തിലേക്കുള്ള ഏക പ്രായോഗിക മാർഗം നിരന്തരമായ നയതന്ത്ര ശ്രമങ്ങളാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

“റഷ്യൻ ഫെഡറേഷൻ പ്രസിഡന്റിന്റെ വസതി ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ അതീവ ആശങ്കയുണ്ട്. ശത്രുത അവസാനിപ്പിക്കുന്നതിനും സമാധാനം കൈവരിക്കുന്നതിനുമുള്ള ഏറ്റവും പ്രായോഗികമായ മാർഗം നിലവിലുള്ള നയതന്ത്ര ശ്രമങ്ങളാണ്. ഈ ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അവയെ ദുർബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കാനും ബന്ധപ്പെട്ട എല്ലാവരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു,” പ്രധാനമന്ത്രി സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിട്ടു.

തിങ്കളാഴ്ച, 91 ദീർഘദൂര ഡ്രോണുകൾ ഉപയോഗിച്ച് പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ മോസ്കോയ്ക്ക് സമീപമുള്ള ഔദ്യോഗിക വസതി ആക്രമിക്കാൻ യുക്രൈൻ ശ്രമിച്ചതായി റഷ്യ ആരോപിച്ചു. പ്രതികാരം ചെയ്യുമെന്ന് ക്രെംലിൻ പ്രതിജ്ഞയെടുത്തെങ്കിലും ഈ അവകാശവാദത്തെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും നൽകിയില്ല. ഇത് അടിസ്ഥാനരഹിതമാണെന്നും കഠിനമായ സമാധാന ചർച്ചകൾ പാളം തെറ്റിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും കീവ് തള്ളിക്കളഞ്ഞു.