ന്യൂഡൽഹി: പിഎം കെയേഴ്സ് ഫണ്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പാർലമെന്റിൽ അനുവദിക്കാനാവില്ലെന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി സിപിഎം എംപി ജോൺ ബ്രിട്ടാസ്. പിഎം കെയേഴ്സ്, പിഎം എൻആർഎഫ് തുടങ്ങിയ ഫണ്ടുകളെ പാർലമെന്ററി പരിശോധനയിൽ നിന്ന് മാറ്റിനിർത്താനുള്ള ഏത് നീക്കവും തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടാസ് ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കും രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണനും കത്തയച്ചു.
ഈ ഫണ്ടുകൾ സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലെന്നും അതിനാൽ അവയെക്കുറിച്ചുള്ള ചോദ്യങ്ങൾ പാർലമെന്റ് നടപടിക്രമങ്ങൾ അനുസരിച്ച് അനുവദനീയമല്ലെന്നുമാണ് പിഎംഒ കഴിഞ്ഞ ദിവസം ലോക്സഭാ സെക്രട്ടേറിയറ്റിനെ അറിയിച്ചത്. ഇതിനെതിരെയാണ് ബ്രിട്ടാസ് രംഗത്തെത്തിയത്.
പിഎം കെയേഴ്സ് ഫണ്ടിലേക്കുള്ള സംഭാവനകൾക്ക് കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ആനുകൂല്യം സർക്കാർ തന്നെ നൽകുന്നുണ്ടെന്ന് ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് കോടി രൂപ പൊതുജനങ്ങളിൽ നിന്നും കമ്പനികളിൽ നിന്നും സ്വീകരിക്കുന്ന ഒരു ഫണ്ട്, സർക്കാരിന്റെ വിഷയമല്ലെന്ന് പറഞ്ഞ് പാർലമെന്റിൽ നിന്ന് മറച്ചുവെക്കുന്നത് ജനാധിപത്യപരമായ ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്നും ബ്രിട്ടാസ് കത്തിൽ പറഞ്ഞു.
കമ്പനി നിയമത്തിൽ ഭേദഗതി വരുത്തിയാണ് പിഎം കെയേഴ്സിനെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് തുല്യമായ പദവി നൽകിയത്. ഇത്തരത്തിൽ നിയമപരമായ പരിരക്ഷയുള്ള ഫണ്ടുകൾക്ക് പാർലമെന്റിനോട് മറുപടി പറയാൻ ബാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പാർലമെന്റിന്റെ മേൽനോട്ടത്തെ ദുർബലപ്പെടുത്തുന്ന ഇത്തരം നീക്കങ്ങൾ അനുവദിക്കരുതെന്നും അംഗങ്ങളുടെ ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്നുമാണ് ബ്രിട്ടാസിന്റെ ആവശ്യം.



