കൊച്ചി: കാക്കനാട് പടമുകളില്‍ പിറ്റ്ബുള്‍ ഇനത്തില്‍പെട്ട അപകടകാരിയായ വളര്‍ത്തുനായ ആക്രമിച്ച സംഭവം ഒത്തുതീര്‍പ്പായി. സംഭവത്തില് ആരും പോലീസ് പരാതി നല്‍കിയിരുന്നില്ല. കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു പടമുകള്‍ സാറ്റലൈറ്റ് ടൗണ്‍ഷിപ്പ് ഭാഗത്ത് വീട്ടില്‍ വളര്‍ത്തുന്ന പിറ്റ്ബുള്‍ നാലുപേരെ കടിച്ചത്.

പിറ്റ്ബുള്‍ നായയുള്ള വീടിനു മുന്നിലൂടെ നടന്നു പോവുകയായിരുന്ന അമ്മയെയും ഇരുപതും പത്തു വയസായ രണ്ടു മക്കളെയുമാണ് നായ ആക്രമിച്ചത്. 20 വയസുകാരിയെയാണ് നായ ആദ്യം ആക്രമിച്ചത്. പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ നായ കടിച്ചു കീറി. ഇതോടെ നായയെ തടയാനായി എത്തിയ അയല്‍വാസിക്കും കടിയേറ്റു.

നാലുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കു ഗുരുതരമായിരുന്നില്ല. പടമുകള്‍ സ്വദേശിയായ അനിക് ആണ് നായയുടെ ഉടമസ്ഥന്‍. ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ ആരും പരാതി നല്‍കാതിരുന്നതോടെ കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു.

അതേസമയം, കൊച്ചിയെ ഭീതിയിലാഴ്ത്തി നഗരത്തില്‍ അലഞ്ഞുതിരിഞ്ഞു നടന്ന പിറ്റ്ബുള്‍ ഇനത്തില്‍പെട്ട മറ്റൊരു നായയുടെ ഉടമസ്ഥനെ കണ്ടെത്തി. കൊച്ചി സ്വദേശിയായ സംഗീത് സൗത്ത് പോലീസ് സ്‌റ്റേഷനിലെത്തി ആനിമല്‍ റെസ്‌ക്യൂ ടീമില്‍ നിന്നും നായയെ ഏറ്റുവാങ്ങി.