രാജ്യത്തെ പാചകവാതക വിതരണ സംവിധാനത്തിൽ സുപ്രധാന പരിഷ്കാരവുമായി കേന്ദ്ര പെട്രോളിയം മന്ത്രാലയം. പൈപ്പ്‌ഡ് നാച്ചുറൽ ഗ്യാസ് (പിഎൻജി) കണക്ഷൻ നിലവിലുള്ള ഉപഭോക്താക്കൾക്ക് ഇനി മുതൽ എൽപിജി സിലിണ്ടറുകൾ നൽകേണ്ടതില്ലെന്ന് മന്ത്രാലയം തീരുമാനിച്ചു. ഒരേ വീട്ടിൽ തന്നെ രണ്ട് തരം ഗ്യാസ് കണക്ഷനുകൾ കൈവശം വയ്ക്കുന്നത് തടയുന്നതിനും സിലിണ്ടറുകളുടെ ദുരുപയോഗം കുറയ്ക്കുന്നതിനുമാണ് ഈ നടപടി.
പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധസാഹചര്യം ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയെയും പാചകവാതക ലഭ്യതയെയും സാരമായി ബാധിച്ചിട്ടുണ്ട്. രാജ്യം നേരിടുന്ന ഈ കടുത്ത പാചകവാതക പ്രതിസന്ധി മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. പൈപ്പ് വഴി പാചകവാതകം എത്തുന്ന നഗരപ്രദേശങ്ങളിലെ വീടുകളിൽ എൽപിജി സിലിണ്ടറുകൾ കൂടി എത്തുന്നതോടെ അർഹരായ പലർക്കും സിലിണ്ടറുകൾ ലഭിക്കാത്ത സാഹചര്യം ഒഴിവാക്കാൻ പുതിയ പരിഷ്കാരം സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.
പുതിയ ഉത്തരവ് പ്രകാരം, പൈപ്പ് ഗ്യാസ് സൗകര്യമുള്ള വീടുകളിൽ ഇനി മുതൽ പുതിയ എൽപിജി കണക്ഷനുകൾ അനുവദിക്കില്ല. നിലവിൽ പിഎൻജി കണക്ഷനൊപ്പം എൽപിജി സിലിണ്ടറുകളും ഉപയോഗിക്കുന്ന ഉപഭോക്താക്കൾ തങ്ങളുടെ എൽപിജി കണക്ഷൻ ഉടൻ തന്നെ ബന്ധപ്പെട്ട ഗ്യാസ് ഏജൻസികളിൽ സറണ്ടർ ചെയ്യണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു. ഇതിനായുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കാൻ ഗ്യാസ് വിതരണ കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഒരേസമയം രണ്ട് കണക്ഷനുകൾ ഉപയോഗിക്കുന്നത് വഴി സിലിണ്ടറുകൾ അനധികൃതമായി വാണിജ്യ ആവശ്യങ്ങൾക്കും മറ്റും മറിച്ചുവിൽക്കാനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. പുതിയ നിയമം കർശനമാക്കുന്നതോടെ എൽപിജി സിലിണ്ടറുകൾ കൂടുതൽ ആവശ്യമായ ഗ്രാമീണ മേഖലകളിലേക്കും പിഎൻജി എത്താത്ത പ്രദേശങ്ങളിലേക്കും തടസ്സമില്ലാതെ വിതരണം ചെയ്യാൻ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.



