കോൺഫിഡൻ്റ ഗ്രൂപ്പ് ചെയർമാനും മലയാളി വ്യവസായിയുമായ സി.ജെ. റോയിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് കത്തയച്ചു. ബെംഗളൂരുവിലെ വസതിയിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നതിനിടെ സി.ജെ. റോയ് വെടിയുതിർത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ സുരക്ഷാ വീഴ്ചയും പീഡനവും ഉണ്ടായോ എന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നതിനിടെ ഒരു വ്യക്തിക്ക് എങ്ങനെ തോക്ക് കൈക്കലാക്കാനും സ്വയം വെടിയുതിർക്കാനും സാധിച്ചുവെന്ന് മുഖ്യമന്ത്രി ചോദ്യം ചെയ്തു.
“പരിശോധന വേളയിൽ പാലിക്കേണ്ട കുറഞ്ഞ പ്രോട്ടോക്കോൾ പോലും ഉദ്യോഗസ്ഥർ പാലിച്ചില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഒരാൾക്ക് തോക്ക് എടുക്കാൻ കഴിഞ്ഞത് അമ്പരപ്പിക്കുന്ന കാര്യമാണ്. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നെങ്കിൽ ഈ ജീവൻ നഷ്ടപ്പെടില്ലായിരുന്നു,” മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
ഉദ്യോഗസ്ഥ പീഡനം ആരോപണം
ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അസഹനീയമായ പീഡനം ഉണ്ടായതായി സി.ജെ. റോയിയുടെ സഹോദരൻ ബാബു ആരോപിച്ചിരുന്നു. റോയി എല്ലാ രേഖകളും നൽകി ഉദ്യോഗസ്ഥരുമായി സഹകരിച്ചിട്ടും അവർ വീണ്ടും വീണ്ടും വന്ന് പീഡിപ്പിച്ചുവെന്ന് കുടുംബം പറയുന്നു. “ഉദ്യോഗസ്ഥരിൽ നിന്നുള്ള ബുദ്ധിമുട്ട് സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണെന്ന് റോയ് പലവട്ടം പറഞ്ഞിരുന്നു” എന്നും സഹോദരൻ്റെ മൊഴിയുണ്ട്. ഇക്കാര്യങ്ങളെല്ലാം കത്തിൽ മുഖ്യമന്ത്രി എടുത്തു പറഞ്ഞു.
സ്വതന്ത്ര അന്വേഷണം വേണം
സംഭവത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമപരവും ഭരണപരവുമായ നടപടിക്രമങ്ങളിൽ വന്ന വീഴ്ചകൾ വിശകലനം ചെയ്യണം. കുടുംബാംഗങ്ങളുടെ മൊഴികൾ ഗൗരവമായി കാണണമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കൃത്യമായ ജാഗ്രത വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉന്നതതലത്തിലുള്ള ജുഡീഷ്യൽ അന്വേഷണം വഴി മാത്രമേ ഈ വിഷയത്തിൽ നീതി ഉറപ്പാക്കാൻ കഴിയൂ എന്നും മുഖ്യമന്ത്രി കത്തിലൂടെ വ്യക്തമാക്കി.



