തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഏറ്റ വമ്പന്‍ തിരിച്ചടി ഭരണവിരുദ്ധ വികാരമല്ലെന്ന് സിപിഐഎം വിലയിരുത്തുമ്പോള്‍ നേര്‍ വിപരീതമായ വിലയിരുത്തല്‍ നടത്തി സിപിഐ. ശക്തമായ ഭരണവിരുദ്ധ വികാരത്തിനൊപ്പം മുഖ്യമന്ത്രിയുടെ ശൈലിയും തിരിച്ചടിയായി എന്നും സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ വിലയിരുത്തി. സിപിഐ നേതൃയോഗത്തില്‍ പിണറായിക്ക് രൂക്ഷ വിമര്‍ശനമാണ് ഉണ്ടായത്.

കൂടിയാലോചന ഇല്ലാതെ മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു. ഒരു തീരുമാനം മുഖ്യമന്ത്രി എടുത്ത ശേഷം അത് സര്‍ക്കാരിന്റെ നടപടി എന്ന നിലയില്‍ നടപ്പിലാക്കുന്നു. മുഖ്യമന്ത്രിയുടെ ഈ ശൈലി തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. വിമര്‍ശനം ഉണ്ടായപ്പോഴും തിരുത്താതെ ന്യായീകരിക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രിയെ നിയന്ത്രിക്കേണ്ട സിപിഐഎമ്മും തിരുത്താന്‍ ശ്രമിച്ചില്ലെന്നും വിലയിരുത്തി.

വെള്ളാപ്പള്ളി നടേശന്‍ കടുത്ത വര്‍ഗ്ഗീയ പരാമര്‍ശം നടത്തുമ്പോള്‍ അദ്ദേഹത്തെ കാറില്‍ കയറ്റിക്കൊണ്ടുപോയി. ഇത് മുസ്‌ളീം വോട്ടുകള്‍ നഷ്ടപ്പെടുത്തി. ശബരിമല വിഷയത്തില്‍ പത്മകുമാറിനെതിരേ എടുത്ത നടപടി ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്ന രീതിയിലുള്ളതായിരുന്നില്ല. കനത്ത ഭരണവിരുദ്ധ വികാരമാണ് ഉണ്ടായത്. മുഖ്യമന്ത്രി ഈ ശൈലി മാറ്റുന്നില്ലെങ്കില്‍ മൂന്നാം തവണ ഭരണത്തിന് തിരിച്ചടിയാകുമെന്നും വിലയിരുത്തുന്നു.