തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ വാരിക്കോരി പ്രഖ്യാപനങ്ങൾ നടത്തി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നിരവധി ക്ഷേമ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ നടത്തിയിരിക്കുന്നത്. സാധാരണക്കാർക്കും സർക്കാർ ജോലിക്കാർക്കും ആനുകൂല്യങ്ങൾ നൽകുന്നതാണ് ബജറ്റ്.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ക്ഷേമ പദ്ധതികൾക്കും വികസന പ്രവർത്തനങ്ങൾക്കും മുൻഗണന നൽകിയാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ്. തെരഞ്ഞെടുപ്പ് വർഷമായതിനാൽ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വലിയ നികുതി വർധനകൾ ഒന്നുംതന്നെ ഉണ്ടായില്ല.
ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, തീരദേശ വികസനം, കാർഷികം തുടങ്ങിയ മേഖലകളെ തഴുകിയാണ് ബജറ്റ് പ്രഖ്യാപനങ്ങൾ. അങ്കണവാടി, ആശാ വര്‍ക്കര്‍മാരുടെ വേതനം കൂട്ടിയതു മുതൽ സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് വരെ കമ്മീഷൻ ഏർപ്പെടുത്തിയതാണ് പ്രധാന പ്രഖ്യാപനങ്ങൾ.
സർക്കാർ, പൊതുമേഖലാ ജീവനക്കാരുടെ കുടിശികയുള്ള മുഴുവൻ ഡിഎയും നൽകാനുള്ള തീരുമാനമാണ് മറ്റൊരു സുപ്രധാന പ്രഖ്യാപനം. ആദ്യ ഗഡു ഡിഎ ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം വിതരണംചെയ്യും. ബാക്കിയുള്ള കുടിശിക മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പം നൽകും.
സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരമായി അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പാക്കുമെന്നും ഇത് ഏപ്രിൽ ഒന്നിന് നടപ്പിൽ വരുത്തുമെന്നുമുള്ള സുപ്രധാന പ്രഖ്യാപനവുമുണ്ടായി.
അപകടത്തിൽപ്പെട്ടവര്‍ക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മെഡിസെപ്പ് 2.0, കെ റെയിലിന് പകരമായി ആര്‍ആര്‍ടിഎസ് അതിവേഗ റെയിൽ പാത തുടങ്ങിയ പ്രഖ്യാപനങ്ങളുമുണ്ട്. കൂടാതെ, 12-ാം ക്ലാസ് വരെ പഠിക്കുന്ന സ്കൂൾ വിദ്യാർഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസ് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവും ശ്രദ്ധേയമാണ്.
വയോജനങ്ങളെ പ്രത്യേകം പരിഗണിച്ചുള്ള എൽഡേർലി ബജറ്റ് പ്രഖ്യാപിച്ച ധനമന്ത്രി 2026-27 വർഷത്തേക്ക് ക്ഷേമപെൻഷൻ വിതരണത്തിന് 14,500 കോടിരൂപ വകയിരുത്തുമെന്ന് പ്രഖ്യാപിച്ചു. ക്ഷേമപെൻഷൻ കൂടാതെ പൊതുജനാരോഗ്യ മേഖലയിലും ഈ കാഴ്ചപ്പാട് മുൻനിർത്തിയുള്ള പ്രഖ്യാപനങ്ങളാണ് ഉണ്ടായത്.
രാവിലെ ഒമ്പതോടെയാണ് മന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. രണ്ടു മണിക്കൂറും 53 മിനിറ്റും ബജറ്റ് അവതരണം നീണ്ടുനിന്നു. തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റാണ് കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചത്.
സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയും കേരളത്തെ അവഗണിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടികളെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ചത്.
കേരളത്തിന്റെ വിഹിതം വെട്ടിക്കുറയ്ക്കുകയും റവന്യു ഗ്രാന്റ് വെട്ടിക്കുറയ്ക്കുകയും കടമെടുപ്പുപരിധി കുറയ്ക്കുകയും ചെയ്തതിലൂടെ കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ശ്വാസം മുട്ടിച്ചുവെന്ന് ധനമന്ത്രി വ്യക്തമാക്കി.
വോട്ട് ചോരി മാത്രമല്ല നോട്ട് ചോരിയും കേന്ദ്രം ചെയ്തു. ഈ വര്‍ഷം 17,000 കോടി രൂപ വെട്ടിക്കുറച്ചു. കേന്ദ്രത്തിന്റേത് കിഫ്ബി റദ്ദ് ചെയ്യുന്ന സമീപനമാണ്. തൊഴിലുറപ്പ് പദ്ധതി തുടരാന്‍ 2000 കോടി രൂപ അധികമായി വേണം. കേന്ദ്രത്തില്‍ നിന്നുള്ള ആനുകുല്യം വാങ്ങാന്‍ ഒത്തൊരുമയില്ലെന്ന് പ്രതിപക്ഷത്തെ പരോക്ഷമായി വിമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ
* 1.82 ലക്ഷം കോടി രൂപ റവന്യൂ വരവും 2.4 ലക്ഷം കോടി രൂപ ആകെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്.
* ഇഫക്ടീവ് മൂലധന ചെലവ് 30961.48 കോടി രൂപ
* റവന്യൂ കമ്മി 34,587 കോടി രൂപ (സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.12 ശതമാനം)
* ധനക്കമ്മി 55,420 കോടി (ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.4 ശതമാനം)
* റവന്യൂ വരുമാനത്തില്‍ 45,889.49 കോടി രൂപയുടെ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു.
* തനത് നികുതി വരുമാനത്തില്‍ 10,271.51 കോടി രൂപയുടെയും നികുതിയേതര വരുമാനത്തില്‍ 1595.05 കോടി രൂപയുടെയും വര്‍ദ്ധനവ് ലക്ഷ്യമിടുന്നു.
* അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി
* അങ്കണവാടി ഹെല്‍പ്പര്‍മാരുടെ പ്രതിമാസ വേതനം 500 രൂപ ഉയര്‍ത്തി
* ആശ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി
* പ്രീ-പ്രൈമറി അധ്യാപകരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി
* സ്കൂള്‍ പാചക തൊഴിലാളികളുടെ പ്രതിദിന വേതനത്തില്‍ 25 രൂപ വര്‍ധിപ്പിച്ചു.
* സാക്ഷരതാ പ്രേരക്മാരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി
* കരാര്‍/ദിവസവേതന ജീവനക്കാരുടെ പ്രതിദന വേതനത്തില്‍ 5 ശതമാനം വര്‍ധനവ് വരുത്തി
* പത്രപ്രവര്‍ത്തക പെന്ഷന് പ്രതിമാസം 1500 രൂപ വര്‍ധിപ്പിച്ചു
* ലൈബ്രേറിയന്മാരുടെ പ്രതിമാസ അലവന്‍സില്‍ 1000 രൂപ വര്‍ധിപ്പിച്ചു
* കാന്‍സര്‍, ലെപ്രസി, എയ്ഡ്സ്, ക്ഷയ രോഗബാധിതരുടെ പ്രതിമാസ പെന്ഷന് 1000 രൂപ വര്‍ധിപ്പിച്ചു.
* ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തില്‍ അഞ്ചുവര്‍ഷതത്വം പാലിക്കുക ഇടതുപക്ഷ സര്‍ക്കാരുകളുടെ നയം.
* 12-ാം ശമ്പള പരിഷ്കരണ കമ്മീഷന് പ്രഖ്യാപിച്ചു. 3 മാസത്തിനകം റിപ്പോര്‍ട്ട് വാങ്ങി സമയബന്ധിതമായി നടപ്പാക്കും.
* സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും അവശേഷിക്കുന്ന ഡിഎ, ഡിആർ ഗഡുക്കള്‍ പൂര്‍ണമായും നല്‍കും.
* ഒരു ഗഡു ഡിഎ ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം, അവശേഷിക്കുന്ന ഡിഎ, ഡി.ആര് ഗഡുക്കള്‍ മാര്‍ച്ച് മാസത്തെ ശമ്പളത്തോടൊപ്പം.
* ഡിഎ, ഡിആര്‍ കുടിശിക ഘട്ടം ഘട്ടമായി കൊടുത്തുതീര്‍ക്കും. ആദ്യ ഗഡു ബജറ്റ് വര്‍ഷം നല്‍കും.
* സര്‍ക്കാര്‍ ജീവനക്കാരുടെ ഹൗസ് ബില്‍ഡിംഗ് അഡ്വാന്‍സ് സ്കീം പുനഃസ്ഥാപിക്കും.
* പങ്കാളിത്ത പെന്ഷന് പദ്ധതിക്ക് പകരം അഷ്വേര്‍ഡ് പെന്ഷന് പദ്ധതി ഏപ്രില്‍ ഒന്നു മുതല്‍.
* അഷ്വേര്‍ഡ് പെന്‍ഷനില്‍ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം തുക പരമാവധി പെന്ഷന് ഉറപ്പാക്കും.
* അഷ്വേര്‍ഡ് പെന്‍ഷനില്‍ ഡിആര്‍ അനുവദിക്കും.
* മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സ്മരണ നിലനിര്‍ത്താന്‍ തിരുവനന്തപുരത്ത് വി.എസ്. സെന്റര്‍ സ്ഥാപിക്കുന്നതിന് 20 കോടി.
* കട്ടപ്പന – തേനി തുരങ്കപാതയുടെ സാധ്യതാ പഠനത്തിന് 10 കോടി
* ഇസ്ലാമിക പണ്ഡിതനും സാമൂഹിക പരിഷ്കര്‍ത്താവുമായിരുന്ന ശൈഖ് സൈനുദീന്‍ മഖദൂം രണ്ടാമന്റെ പേരില്‍ പൊന്നാനിയില്‍ ചരിത്ര ഗവേഷണ സെന്റര്‍ സ്ഥാപിക്കാന്‍ മൂന്നുകോടി രൂപ.
* അയ്യങ്കാളി പഠന കേന്ദ്രത്തിന് 1.5 കോടി
* കാവാരികുളം കണ്ടന് കുമാരന് പഠന കേന്ദ്രത്തിന് 1.5 കോടി
* മാര്‍ ഇവാനിയോസ് മ്യൂസിയത്തിന് 1.5 കോടി
* ജില്ലാ ആശുപത്രികളില്‍ മെനോപോസ് ക്ലിനിക്കുകള്‍ സ്ഥാപിക്കാന്‍ മൂന്നു കോടി
* കുടുംബശ്രീ ഉത്പന്നങ്ങളുടെ പ്രചാരണവും വിതരണവും ലക്ഷ്യമിട്ട് മാര്‍ക്കറ്റിംഗ് വിതരണ ശൃംഖലയ്ക്ക് 22.27 കോടി.
* റോഡപകടത്തില്‍പ്പെടുന്നവര്‍ക്കായി ലൈഫ് സേവര്‍ പദ്ധതി. ആദ്യത്തെ അഞ്ചു ദിവസം പണരഹിത ചികിത്സ.
* അപൂര്‍വയിനം രോഗങ്ങള്‍ക്കുള്ള ചികിത്സാ പദ്ധതിയായ KARE-ല്‍ സ്പൈനല്‍ മസ്കുലാര്‍ അട്രോഫി രോഗത്തിന് മരുന്ന് ലഭ്യമാക്കാന്‍ 30 കോടി.
* തിരുവനന്തപുരം-അങ്കമാലി എം.സി റോഡ് വികസനത്തിന് 5217 കോടി രൂപയുടെ കിഫ്ബി പദ്ധതി.
* കിളിമാനൂര്‍, നിലമേല്‍, ചടയമംഗലം, ആയൂര്‍, പന്തളം, ചെങ്ങന്നൂര്‍ പട്ടണങ്ങളില്‍ ബൈപാസുകള്‍. വിവിധ ജംഗ്ഷനുകളുടെ വികസനവും പദ്ധതിയുടെ ഭാഗം.
* തിരുവനന്തപുരം – കാസര്‍ഗോഡ് റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (RRTS) പദ്ധതി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി.
* ധനകാര്യ ഭരണസംവിധാനം ശക്തിപ്പെടുത്തുന്നതിന് കൊച്ചിയില്‍ ഫിനാന്‍സ് ടവര്‍ സ്ഥാപിക്കും.
* വില്‍പ്പനനികുതി ചെക്ക് പോസ്റ്റുകളുടെ അടിസ്ഥാന സൗകര്യങ്ങളെ ജിഎസ്ടി സമ്പ്രദായത്തിലെ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളാക്കും.
* കാര്‍ഷിക, അനുബന്ധ മേഖലയ്ക്ക് 2071.95 കോടി.
* മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതിക്ക് 3,720 കോടി
* മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് സ്കോളര്‍ഷിപ്പ് പദ്ധതിക്ക് 400 കോടി
* ക്ഷേമപെന്ഷന് നല്‍കുന്നതിനായി 14,500 കോടി
* നികുതിദായകരെ ആദരിക്കാനും പുരസ്കാരം നല്‍കുന്നതിനും അഞ്ചു കോടി
* കേരളത്തിലെ എല്ലാ പൗരന്മാര്ക്കും നേറ്റിവിറ്റി കാര്‍ഡ് നല്കുന്ന പദ്ധതിയ്ക്ക് 20 കോടി
* തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജനറല്‍ പര്‍പ്പസ് ഫണ്ട് 3237 കോടിയും മെയിന്റനന്‍സ് ഫണ്ട് 4,316 കോടിയും പ്ലാന്‍ ഫണ്ട് 10,189 കോടിയും.
* പഞ്ചായത്ത് മെമ്പര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരുടെ ഓണറേറിയം വര്‍ധിപ്പിക്കും.
* തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മുന്‍ജനപ്രതിനിധികളുടെ ക്ഷേമത്തിനായി ക്ഷേമനിധി രൂപീകരിക്കും.
* വിഴിഞ്ഞം തുറമുഖത്തുനിന്നും ചവറയെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന റെയര്‍ എര്‍ത്ത് കോറിഡോര്‍ ചവറയില്‍ സ്ഥാപിക്കും. ഇതിലൂടെ 42,000 കോടി രൂപയുടെ നിക്ഷേപങ്ങളും 50,000 കോടിയുടെ തൊഴിലവസരങ്ങളും സൃഷ്ടിക്കും.
* ക്രിട്ടിക്കല്‍ മിനറല്‍ മിഷന് 100 കോടി.
* പ്രതിരോധ ഇടനാഴിയ്ക്ക് 50 കോടി
* പി.പി.പി മാതൃകയില്‍ കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മറ്റ് സാങ്കേതികവിദ്യകളും ചേര്‍ന്ന സൈബര്‍ വാലിയ്ക്ക് 30 കോടി.
* തൊഴില്‍ പരിശീലനത്തിനും നൈപുണി സമ്പാദനത്തിനും ആഗോള സ്കൂളിന് 10 കോടി.
* വര്‍ക്ക് നിയര്‍ ഹോം വ്യാപിപ്പിക്കുന്നതിന് 150 കോടി.
* ഗോത്ര മേഖലകളിലെ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനായി 60 കോടി ചെലവില്‍ സ്പെഷല്‍ എന്റിച്ച്മെന്റ് പദ്ധതിക്ക് 60 കോടി.
* ഗിഗ് തൊഴിലാളികള്‍ക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ ഗിഗ് ഹബ് – 20 കോടി.
* പഴയ പെട്രോള്‍, ഡീസല്‍ ഓട്ടോറിക്ഷകള്‍ പൊളിച്ച് ഇലക്ട്രിക് ഓട്ടോകള്‍ വാങ്ങുന്നവര്‍ക്ക് ഒറ്റത്തവണ സ്ക്രാപ്പേജ് ബോണസ് 40,000 രൂപ.
* ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ വാങ്ങുന്നതിനായുള്ള വായ്പകള്‍ക്ക് 2% പലിശയിളവ്
* ഓട്ടോ സ്റ്റാന്‍ഡുകളില്‍ സോളാര്‍ അധിഷ്ഠിത ചാര്‍ജിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ 20 കോടി.
* തൊഴിലുറപ്പ് പദ്ധതിയ്ക്കായി മുന്‍വര്‍ഷത്തില്‍ നിന്നും അധികമായി 1000 കോടി.
* റിട്ടയര്‍മെന്റ് ഹോമുകള്‍ സജ്ജമാക്കാന്‍ സംഘടനകള്‍ക്കും ഗ്രൂപ്പുകള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കും സര്‍ക്കാര്‍ സബ്സിഡി. ഇതിനായി 30 കോടി.
* വീടുകളില്‍ ഒറ്റപ്പെട്ടുപോകുന്ന മുതിര്‍ന്ന വ്യക്തികള്‍ക്ക് ഓണ്‍ കോള്‍ വോളണ്ടിയര്‍മാരുടെ സേവനം ലഭ്യമാക്കും. ഇതിനായി 10 കോടി.
* അഡ്വക്കേറ്റ് വെല്‍ഫെയര്‍ ഫണ്ട് 20 ലക്ഷമായി ഉയര്‍ത്തും.
* ഒന്നു മുതല്‍ 12-ാം ക്ലാസ് വരെയുള്ള സ്കൂള്‍ വിദ്യാർഥികള്‍ക്ക് അപകട ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിക്ക് 15 കോടി.
* കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയുടെ മാനദണ്ഡങ്ങളുടെ പരിധിക്ക് പുറത്തുള്ള കുടുംബങ്ങള്‍ക്ക് പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി – 50 കോടി.
* കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ വിപുലമായ പ്രചാരവും വിതരണവും ലക്ഷ്യമിട്ടുള്ള മാര്‍ക്കറ്റിംഗ് വിതരണ ശൃംഖലയ്ക്ക് 22.27 കോടി.
* സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് (CDS)-നെ രാജ്യത്തെ മുന്‍നിര മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് 10 കോടി
* കേരള കലാകേന്ദ്രം സ്ഥിരം വേദികള്‍ സ്ഥാപിക്കാന്‍ 10 കോടി



