കർണാടകത്തിലെ ഹനുമന്തപുരയിൽ 20 മയിലുകളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തി. 17 പിടമയിലുകളും മൂന്ന് ആൺമയിലുകളെയുമാണ് ഒരു കൃഷിയിടത്തിൽ ചത്തനിലയിൽ കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. മരണകാരണം കണ്ടെത്താനായി ഫോറൻസിക് പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ഒരു മാസത്തിനിടെ കർണാടകത്തിൽ മൃഗങ്ങൾ കൂട്ടത്തോടെ ചാകുന്നത് ഇത് ആദ്യമായല്ല. 20 കുരങ്ങുകളെയും ഒരു പെൺകടുവയെയും അതിന്റെ നാല് കുഞ്ഞുങ്ങളെയും സമീപകാലത്ത് ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. കുരങ്ങുകൾ വിഷം ഉള്ളിൽച്ചെന്ന് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ചാമരാജനഗർ ജില്ലയിലെ മഹദേശ്വര കുന്നുകളിലെ ഹുഗ്യം വനമേഖലയിൽ ചത്ത കടുവകളെയും കുഞ്ഞുങ്ങളെയും വിഷം കലർന്ന മാംസം കഴിച്ച നിലയിലാണ് കണ്ടെത്തിയത്.

കടുവകളുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചിക്കമഗളൂരു കൊപ്പ സ്വദേശികളായ കൊണപ്പ, മാദരാജു, നാഗരാജ എന്നിവരാണ് പിടിയിലായത്. കീടനാശിനി പ്രയോഗിച്ച് ചത്ത പശുവിന്റെ ജഡം കടുവകളെ ആകർഷിക്കാനായി കാട്ടിൽ തള്ളുകയായിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പശുവിന്റെ ഉടമയും കൂട്ടുകാരുമാണ് ഈ കേസിൽ അറസ്റ്റിലായത്.

മയിലുകളുടെ മരണത്തിലും സമാനമായ ദുരൂഹതയുണ്ടോ എന്ന് വനംവകുപ്പ് അന്വേഷിച്ചുവരികയാണ്. പ്രദേശവാസികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.