ദക്ഷിണ സുഡാനിൽ വിന്യസിച്ചിരിക്കുന്ന സമാധാന സേനാംഗങ്ങളുടെ എണ്ണം 17,000-ത്തിൽ നിന്നും 12,000 ആയി വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ച് ഐക്യരാഷ്ട്രസഭ. അമേരിക്ക അവതരിപ്പിച്ച പ്രമേയത്തിന്മേൽ നടന്ന വോട്ടെടുപ്പിൽ നിന്ന് ചൈനയും റഷ്യയും വിട്ടുനിന്നെങ്കിലും ഭൂരിപക്ഷത്തോടെ ഇത് അംഗീകരിക്കപ്പെട്ടു. അതേസമയം സേനയുടെ കാലാവധി 2027 ഏപ്രിൽ 30 വരെ നീട്ടി നൽകുകയും ചെയ്തിട്ടുണ്ട്.

രാജ്യത്തെ സാധാരണക്കാർക്ക് സുരക്ഷ നൽകുന്നതിനും മാനുഷിക സഹായങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമാകും ഇനി സേന മുൻഗണന നൽകുക. ആഭ്യന്തര യുദ്ധം തടയുന്നതിനും സമാധാനം നിലനിർത്തുന്നതിനും വേണ്ടിയുള്ള അടിസ്ഥാന പ്രവർത്തനങ്ങളിലേക്ക് സേന മടങ്ങണമെന്ന് അമേരിക്കൻ പ്രതിനിധി വ്യക്തമാക്കി. സമാധാന ദൗത്യങ്ങൾ എന്നന്നേക്കുമുള്ള സംവിധാനമല്ലെന്നും പ്രതിസന്ധികളിൽ സർക്കാരിനെ സഹായിക്കാനുള്ള താൽക്കാലിക മാർഗം മാത്രമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പലപ്പോഴും സമാധാന സേനയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നതായും സഹായങ്ങൾ കൃത്യമായി ജനങ്ങളിലേക്ക് എത്തുന്നില്ലെന്നും ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടി. ഡിസംബറിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് വീണ്ടും സംഘർഷങ്ങൾ ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. എന്നാൽ ഏത് സാഹചര്യവും നേരിടാൻ സേന സജ്ജമായിരിക്കണമെന്നും ആവശ്യമായ വിഭവങ്ങൾ ഉറപ്പാക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു.