പയ്യന്നൂരിലെ വിവാദമായ രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം നേതൃത്വത്തെ കൂടുതൽ പ്രതിരോധത്തിലാക്കി നിർണ്ണായക വെളിപ്പെടുത്തലുകളുമായി പയ്യന്നൂരിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി കുഞ്ഞികൃഷ്ണൻ. രക്തസാക്ഷി ധനാപഹരണത്തിൽ ഒരു കോടി രൂപയ്ക്കടുത്ത് വെട്ടിപ്പ് നടന്നുവെന്നും ഇതിന്റെ കൂടുതൽ തെളിവുകൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പയ്യന്നൂരിലെ രക്തസാക്ഷി ധനാപഹരണം സംബന്ധിച്ച വിവരങ്ങൾ നേരത്തെ തന്നെ പാർട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്ന് വി കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തി. ധനരാജ് ഫണ്ടിൽ നിന്ന് മാത്രം 40 ലക്ഷം രൂപയാണ് വകമാറ്റിയത്.  ഇതിൽ പാർട്ടിയിൽ ചർച്ചയായപ്പോൾ 25 ലക്ഷം രൂപ മാത്രമാണ് തിരികെ വന്നത്. ബാക്കി 15 ലക്ഷം രൂപ ഏരിയ കമ്മിറ്റിയിലേക്ക് പോയെന്നാണ് പറയുന്നതെങ്കിലും ഏരിയ കമ്മിറ്റിയുടെ ഔദ്യോഗിക കണക്കുകളിൽ ഈ തുക രേഖപ്പെടുത്തിയിട്ടില്ല. ചുരുക്കത്തിൽ ഒരു കോടി രൂപയോളം വരുന്ന വലിയൊരു തുക രക്തസാക്ഷി ഫണ്ടുകളിൽ നിന്ന് അപ്രത്യക്ഷമായിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് സിപിഎം പയ്യന്നൂർ മുൻ ഏരിയ സെക്രട്ടറിമാരായിരുന്ന ടി ഐ മധുസൂദനന്റെയും കെ പി മധുവിന്റെയും വ്യക്തിപരമായ അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതിന്റെ കൃത്യമായ ബാങ്ക് രേഖകൾ പുറത്തുവന്നിട്ടുണ്ട്. 2016-ലെ ധനരാജ് കുടുംബ സഹായ നിധിയിലെ പണമിടപാടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആ വർഷം നവംബർ 13-ന് 63 ലക്ഷത്തിലധികം തുകയുണ്ടായിരുന്ന സഹായനിധിയിൽ നിന്ന് 40 ലക്ഷം രൂപ പയ്യന്നൂർ സഹകരണ ബാങ്കിലും റെയിൽവേ ഗേറ്റ് ബ്രാഞ്ചിലുമായി ടി ഐ മധുസൂദനന്റെയും കെ പി മധുവിന്റെയും പേരിൽ സ്ഥിരനിക്ഷേപം നടത്തി. മൂന്ന് വർഷമാണ് ഈ പണം വ്യക്തിഗത അക്കൗണ്ടുകളിൽ കിടന്നത്. ഇതിന്റെ പലിശ നേതാക്കൾ സ്വന്തമാക്കിയതായും വി കുഞ്ഞികൃഷ്ണൻ ആരോപിച്ചു.

നോട്ടുനിരോധനം മൂലമുണ്ടായ പണമിടപാട് പ്രതിസന്ധി മറികടക്കാനാണ് നേതാക്കളുടെ അക്കൗണ്ടുകൾ ഉപയോഗിച്ചതെന്ന സിപിഎം ഏരിയ കമ്മിറ്റിയുടെ വിശദീകരണം പച്ചക്കള്ളമാണെന്ന് വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. നോട്ടുനിരോധനം പ്രതിസന്ധി ഉണ്ടാക്കിയ കാലത്തല്ല ഈ പണമിടപാടുകൾ നടന്നത്. പണം വ്യക്തിപരമായ ലാഭത്തിന് വേണ്ടി മാറ്റുക തന്നെയായിരുന്നു ലക്ഷ്യം. പാർട്ടിയിൽ ഇത് വിവാദമായപ്പോൾ മാത്രമാണ് കുറച്ചു പണമെങ്കിലും തിരികെ നൽകാൻ നേതാക്കൾ തയ്യാറായത്. ധനാപഹരണത്തിന്റെ കൂടുതൽ രേഖകൾ തന്റെ പക്കലുണ്ടെന്നും അവ ഓരോന്നായി പുറത്തുവിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.