ന്യൂഡൽഹി: പ്രസവാനുകൂല്യങ്ങൾ സ്ത്രീകൾക്ക് ലഭിക്കുന്നതുപോലെ തന്നെ, കുട്ടി ജനിക്കുന്ന സമയത്ത് അച്ഛന്മാർക്ക് ലഭിക്കേണ്ട ‘പിതൃത്വ അവധി’ സംബന്ധിച്ച് നിയമനിർമാണം നടത്തണമെന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. കുട്ടികളുടെ പരിചരണത്തിൽ പിതാവിനുള്ള പങ്കും ഉത്തരവാദിത്തവും കണക്കിലെടുത്ത് കൃത്യമായ നയരൂപീകരണം വേണമെന്നാണ് കോടതി നിർദേശിച്ചത്.
പിതൃത്വ അവധി കേവലം ഒരു ആനുകൂല്യമല്ലെന്നും, അത് ലിംഗസമത്വത്തിലേക്കും കുട്ടികളുടെ മികച്ച വളർച്ചയിലേക്കുമുള്ള ചുവടുവെപ്പാണെന്നും കോടതി നിരീക്ഷിച്ചു. നിലവിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചില ആനുകൂല്യങ്ങൾ ഉണ്ടെങ്കിലും ഇത് എല്ലാ മേഖലകളിലും ബാധകമാക്കുന്ന നിയമം നിലവിലില്ല. സ്വകാര്യ മേഖലയിലും അസംഘടിത മേഖലയിലും ജോലി ചെയ്യുന്ന പിതാക്കന്മാർക്ക് ഇത്തരം അവധി ലഭിക്കുന്നില്ലെന്നത് ചൂണ്ടിക്കാട്ടിയുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
പിതൃത്വ അവധി നൽകുന്ന കാര്യം സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും, ഇതിന്റെ വിവിധ വശങ്ങളെക്കുറിച്ച് പഠിച്ചുവരികയാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ ഈ വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കാനും ആവശ്യമായ നിയമനിർമ്മാണങ്ങൾ നടത്താനും കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കോടതി നിർദ്ദേശം നൽകി. കുടുംബശീലം മെച്ചപ്പെടുത്തുന്നതിനും ജോലിസ്ഥലങ്ങളിൽ പുരുഷന്മാരുടെ ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നതിനും ഈ നിയമം സഹായകമാകുമെന്നാണ് നിയമവിദഗ്ധർ കരുതുന്നത്.



