മതപരിവർത്തനാരോപണത്തെ തുടർന്ന് ഉത്തർപ്രദേശിൽ മലയാളി പാസ്റ്റർ അറസ്റ്റിലായി. യുപിയിലെ സിക്കന്തർപൂരിലാണ് പാസ്റ്റർ ജോസ് തോമസ് അറസ്റ്റിലായത്. മതപരിവർത്തന നിരോധന നിയമപ്രകാരമാണ് നടപടി. പണവും ജോലിയും വാഗ്ദാനം ചെയ്ത് മതപരിവർത്തനം ചെയ്‌തെന്നാണ് കേസ്.
ഹിന്ദു ദൈവങ്ങളെ ആക്ഷേപിച്ചെന്നും പരാതി ഉണ്ട്.ബജ്‌റംഗ്ദളിന്റെ ജില്ലാ കോഓർഡിനേറ്ററാണ് പൊലീസിൽ പരാതി നൽകിയത്.പാസ്റ്റർ ജോസ് തോമസിന്റെ പക്കൽ നിന്നും മതപരമായ പുസ്തതകങ്ങളും മ്യൂസിക് സിസ്റ്റവും മൈക്രോഫോണും പിടിച്ചെടുത്തു. ഞായറാഴ്ചയാണ് പാസ്റ്ററെ അറസ്റ്റ് ചെയ്തത്. കുറച്ചുദിവസം മുമ്പാണ് പാസ്റ്റർ സിക്കന്തർപൂരിലെത്തിയതെന്നാണ് പറയുന്നത്. ബിഹാറിലെ പട്നയിലായിരുന്നു നേരത്തെ താമസിച്ചിരുന്നതെന്നുമാണ് വിവരം. കേരളത്തിൽ തിരുവനന്തപുരം സ്വദേശിയാണ് ജോസ് തോമസ്.



