കൊച്ചി: പങ്കാളിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ യുവമോർച്ച നേതാവ് ഗോപു പരമശിവത്തെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് ആണ് ഇക്കാര്യം അറിയിച്ചത്.
ബിജെപിയുടെ കോൾ സെന്റർ ജീവനക്കാരിയും നേരത്തെ പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ യാതൊരു തരത്തിലുള്ള നടപടിയും പാർട്ടി എടുത്തില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതിന്റെ കൂടെ അടിസ്ഥാനത്തിലാണ് പാർട്ടിയുടെ പ്രാഥമിക അഗത്വത്തിൽ നിന്ന് ഗോപുവിനെ പുറത്താക്കിയതായി ജില്ലാ പ്രസിഡന്റ് അറിയിച്ചത്. യുവമോർച്ചയുടെ ജില്ലാ സെക്രട്ടറി കൂടിയാണ് ഗോപു.
എന്നാൽ യുവമോർച്ച ഏതെങ്കിലും സംഘടനാ നടപടി എടുത്തതായി അറിയിച്ചിട്ടില്ല. കഴിഞ്ഞ അഞ്ച് വർഷമായി ഒരുമിച്ച് താമസിച്ചിരുന്ന പങ്കാളിയാണ് ഗോപുവിൽ നിന്ന് അതിക്രൂരമായ മർദനം നേരിട്ടതായി വെളിപ്പെടുത്തിയത്.
ദേഹം മുഴുവൻ മർദനമേറ്റ പാടുകളുമായാണ് യുവതി മരട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. മൊബൈൽ ചാർജർ കേബിൾ ഉപയോഗിച്ചായിരുന്നു മർദനമെന്നും ചാർജർ പൊട്ടുന്നത് വരെ അടിക്കുന്നതാണ് ഇയാളുടെ രീതിയെന്നും യുവതി പറഞ്ഞു. വീട്ടിൽ നിന്നും പുറത്തുപോകാൻ സമ്മതിക്കാതെ പൂട്ടിയിടാറുണ്ടായിരുന്നെന്നും യുവതി മൊഴി നൽകി.
ഗോപുവിൽ നിന്ന് തനിക്ക് വധഭീഷണി ഉണ്ടായിരുന്നെന്നും ജീവൻ രക്ഷിക്കാനാണ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോന്നതെന്നും യുവതി വെളിപ്പെടുത്തി. യുവതിയെ കാണാനില്ലെന്ന് കാണിച്ച് നേരത്തെ ഗോപു പരമശിവം മരട് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
തുടർന്ന് പോലീസ് പെൺകുട്ടിയെ കണ്ടെത്തി ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, ഗോപുവിനെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ് കസ്റ്റഡിയിലെടുത്തു.
വിവാഹമോചിതയായ യുവതിക്ക് ആദ്യ വിവാഹത്തിലുള്ള കുട്ടികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.



