മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധത്തെത്തുടർന്ന് ജറുസലേമിൽ പരമ്പരാഗതമായി നടക്കാറുള്ള ഓശാന ഞായർ പ്രദക്ഷിണം റദ്ദാക്കി. ഒലിവ് മലയിൽ നിന്ന് ജറുസലേം നഗരത്തിലേക്ക് നടത്തുന്ന വിപുലമായ ഈ ആഘോഷം ഇത്തവണ ഉണ്ടാകില്ലെന്ന് ലത്തീൻ പാത്രിയർക്കീസ് കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല അറിയിച്ചു.

​യുദ്ധം സൃഷ്ടിച്ച സുരക്ഷാ നിയന്ത്രണങ്ങൾ മൂലം വിശ്വാസികൾക്ക് ഒത്തുചേരാൻ സാധിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. പ്രദക്ഷിണത്തിന് പകരം നിശ്ചിത സ്ഥലങ്ങളിൽ പ്രത്യേക പ്രാർഥനാ ശുശ്രൂഷകൾ നടക്കും. വിശുദ്ധ വാരത്തിലെ പ്രധാന ചടങ്ങായ തൈലാഭിഷേക കുർബാനയും അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്.

പള്ളികൾ തുറന്നുപ്രവർത്തിക്കുമെങ്കിലും പൊതുജനങ്ങൾക്കായുള്ള വലിയ ആഘോഷങ്ങൾ ഒഴിവാക്കി. ​മാർച്ച് 28 ശനിയാഴ്ച യുദ്ധബാധിതർക്കും സമാധാനത്തിനുമായി പ്രത്യേക ജപമാല പ്രാർഥന നടത്താൻ കർദിനാൾ ആഹ്വാനം ചെയ്തു. ​യുദ്ധത്തിന്റെ ഇരുൾ പടരുമ്പോഴും യേശുവിന്റെ പുനരുത്ഥാനം പ്രത്യാശ നൽകുന്നുവെന്നും പ്രാർഥനയിൽ തളരരുതെന്നും അദ്ദേഹം വിശ്വാസികളെ ഓർമ്മിപ്പിച്ചു.

​യുദ്ധം മൂലം ഇത്തവണത്തെ നോമ്പുകാല തീർഥാടനങ്ങളും ചടങ്ങുകളും ജറുസലേമിൽ തടസ്സപ്പെട്ടിരുന്നു. എങ്കിലും വിശുദ്ധ നാടുകളിലെ ഫ്രാൻസിസ്കൻ സന്യാസികൾ വിശുദ്ധ കല്ലറയുടെ ദൈവാലയത്തിൽ മുടങ്ങാതെ പ്രാർഥനകൾ തുടർന്നു വരികയാണ്.