ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് തീർഥാടകരുടെ സാന്നിധ്യത്തിൽ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയർ ഓശാന ഞായർ ആഘോഷങ്ങളാൽ ധന്യമായി. കർത്താവായ യേശുവിന്റെ ജറുസലേമിലേക്കുള്ള വിജയകരമായ പ്രവേശനത്തെ അനുസ്മരിച്ചുകൊണ്ട് ഈന്തപ്പനയോലകളും ഒലിവ് ശാഖകളും വഹിച്ചെത്തിയ വിശ്വാസികൾ സ്ക്വയറിനെ ഭക്തിസാന്ദ്രമാക്കി. ലെയോ പതിനാലാമൻ മാർപാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ദിവ്യബലിയോടെയാണ് വിശുദ്ധ വാരത്തിന് ഔദ്യോഗികമായി തുടക്കമായത്. ബസിലിക്കയുടെ ബാൽക്കണിയിൽ മാർപാപ്പയുടെ പദവിമുദ്ര പതിച്ച വിരികൾ തൂക്കിയതും സ്ക്വയറിലെ പുരാതനമായ കൊളോണേഡുകളിലൂടെ ഒഴുകിയെത്തിയ ജനസഹസ്രങ്ങളും വത്തിക്കാനെ വിശുദ്ധ വാരത്തിന്റെ തുടക്ക ദിനത്തിൽ തന്നെ കൂടുതൽ ഭക്തി സാന്ദ്രമാക്കി. വത്തിക്കാനിലെ തീർഥാടകരുടെ ഓശാന ഞായർ ദിനാചരണത്തെക്കുറിച്ചു വായിച്ചറിയാം,
ദിവ്യബലിയിൽ പങ്കെടുക്കാൻ എത്തിയവർക്ക് ഒലിവ് ശാഖകളും ഈന്തപ്പനയോലകളും വിതരണം ചെയ്തുകൊണ്ട് ഇറ്റലിയിൽ നിന്നുള്ള സന്നദ്ധ പ്രവർത്തകരായ ഒരുകൂട്ടം യുവാക്കൾ മുൻപന്തിയിലുണ്ടായിരുന്നു. ഓസ്റ്റിയ ലിഡോയിലെ സാന്താ മരിയ റെയ്ന ഡെല്ലാ പേസ് ഇടവകയിൽ നിന്നുള്ള കാർലോ (12), ലൂക്ക (13) എന്നീ ബാലന്മാർ പുലർച്ചെ തന്നെ വത്തിക്കാനിലെത്തി സേവനസന്നദ്ധരായി. “ആളുകളുടെ മുഖത്ത് പുഞ്ചിരി കാണുന്നത് വലിയ സന്തോഷമാണ്, മറ്റുള്ളവരെ ബഹുമാനിക്കാനും ക്ഷമയോടെയിരിക്കാനും ഈ സേവനം ഞങ്ങളെ പഠിപ്പിക്കുന്നു” എന്ന് അവർ സാക്ഷ്യപ്പെടുത്തി. സന്ദർശകർക്ക് അനുഗ്രഹം പകരുന്നത് പോലെയാണ് തങ്ങൾക്ക് തോന്നുന്നതെന്ന് ഈ കൊച്ചു സന്നദ്ധപ്രവർത്തകർ കൂട്ടിച്ചേർത്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടുംബങ്ങളും തീർഥാടകരും വത്തിക്കാനിലേക്ക് ഒഴുകിയെത്തി. അയർലണ്ടിലെ ഡബ്ലിനിൽ നിന്നുള്ള ഗോസി ഓഫിയയും കുടുംബവും തങ്ങളുടെ ആദ്യ റോം യാത്രയുടെ ആവേശത്തിലായിരുന്നു. കുടുംബത്തോടൊപ്പം ഇത്തരമൊരു ആത്മീയ അനുഭവത്തിൽ പങ്കുചേരുന്നത് അത്ഭുതകരമാണെന്ന് അവർ പറഞ്ഞു. സ്പെയിനിൽ നിന്നുള്ള ഒരു കൂട്ടം വിദ്യാർഥികൾക്ക് മാർപാപ്പയെ തൊട്ടടുത്ത് കാണാൻ സാധിച്ചത് മറക്കാനാവാത്ത അനുഭവമായി. കൂടാതെ ചൈനയിൽ നിന്നുള്ള വിനോദസഞ്ചാരികൾ പോലും സമാധാനത്തിന്റെ അടയാളമായി ഒലിവ് ശാഖകൾ കയ്യിലേന്തിയത് സ്ക്വയറിൽ കണ്ട വ്യത്യസ്തമായ കാഴ്ചയായിരുന്നു.
ദിവ്യബലിക്ക് ശേഷം സ്പെയിനിലെ സെഗോവിയയിൽ നിന്നുള്ള വിദ്യാർഥി സംഗീത സംഘമായ ‘ട്യൂണ ഡി സെഗോവിയ’ അവതരിപ്പിച്ച ലഘു സംഗീത വിരുന്ന് തീർഥാടകർക്ക് കൗതുകമായി. ഗിറ്റാറിലും ബാൻഡൂറിയയിലും അവർ മീട്ടിയ സ്പാനിഷ് ഗാനങ്ങൾ വത്തിക്കാന്റെ പരിസരങ്ങളിൽ പ്രതിധ്വനിച്ചു. അതേസമയം തന്നെ, ബസിലിക്കയുടെ കൈവരികളിൽ ചാരി നിന്ന് ഭക്തിപൂർവം പ്രാർഥിക്കുന്ന കന്യാസ്ത്രീകളും, ഓർമ്മയ്ക്കായി ചിത്രങ്ങൾ പകർത്തുന്ന ദമ്പതികളും കുടുംബങ്ങളും വത്തിക്കാനിലെ ഈ പവിത്ര നിമിഷങ്ങൾക്ക് സാക്ഷികളായി.
ഇറ്റലിയിലെ വിവിധ സംഘടനകളാണ് ആഘോഷങ്ങൾക്കാവശ്യമായ ഈന്തപ്പനകളും ഒലിവ് ശാഖകളും നൽകിയത്. ഇത്തവണ നിയോകാറ്റെക്കുമെനൽ വിഭാഗം സമർപ്പിച്ച വലിയ ‘ഫീനിക്സ് ഈന്തപ്പനകൾ’ അൾത്താരയെ അലങ്കരിച്ചപ്പോൾ, ഇറ്റാലിയൻ ജനതയുടെ തനത് കലയായ ‘പാൽമുറെല്ലി’ (കൈകൊണ്ട് നെയ്തെടുത്ത ചെറിയ ഈന്തപ്പനകൾ) വിശ്വാസികളുടെ കരങ്ങളിൽ ശോഭിച്ചു. ആഘോഷത്തിന്റെ തുടക്കത്തിൽ തന്നെ ലെയോ പതിനാലാമൻ മാർപാപ്പ ഈ പ്രതീകങ്ങളെ ആശീർവദിച്ചു. വിശുദ്ധ വാരത്തിന്റെ സമാപ്തിയിൽ ഈസ്റ്റർ കുർബാനയ്ക്ക് ശേഷം മാർപാപ്പ നൽകുന്ന ‘ഉർബി എത് ഓർബി’ (Urbi et Orbi) സന്ദേശത്തിനായുള്ള കാത്തിരിപ്പിലാണ് വിശ്വാസലോകം.



