കോട്ടയം: സംസ്ഥാനത്ത് എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് കേരള കോൺഗ്രസ്-എം ചെയർമാനും പാലായിലെ എൽഡിഎഫ് സ്ഥാനാർഥിയുമായ ജോസ് കെ. മാണി. പാലാ ഇത്തവണ തിരിച്ചുപിടിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.
“പാലായിൽ എൽഡിഎഫിന് അനുകൂലമായ സാഹചര്യമാണ്. ജനങ്ങൾ അനുകൂലമായാണ് പ്രതികരിക്കുന്നത്. മണ്ഡലത്തിൽ ത്രികോണ പോരാട്ടമില്ല. മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണ്.’-ജോസ് കെ. മാണി വ്യക്തമാക്കി.
ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ജോസിന്റെ പ്രതികരണം. മുന്നണി മാറ്റത്തെ കുറിച്ച് വന്ന വാർത്തകളെ കുറിച്ചും ജോസ് പ്രതികരിച്ചു. യുഡിഎഫിൽ നിന്ന് ഞങ്ങളെ പുറത്താക്കിയതാണെന്നും അതുകൊണ്ട് തന്നെ തിരിച്ചുപൊകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ജോസ് പറഞ്ഞു.
യുഡിഎഫിന്റെ കൂടെ നിന്ന് ചെയ്യാൻ കഴിയുന്നതിനെക്കാൾ കൂടുതൽ കാര്യങ്ങൾ എൽഡിഎഫിന്റെ കൂടെ നിന്ന് ചെയ്യാൻ സാധിച്ചു. വികസന പ്രവർത്തനങ്ങൾ അടക്കം തുടരണമെങ്കിൽ എൽഡിഎഫ് സർക്കാർ തന്നെ വീണ്ടും വരേണ്ടതുണ്ടെന്നും ജോസ് പറഞ്ഞു.



