കറാച്ചി: രാജ്യത്തിനുള്ളിൽ സമീപകാലത്തുണ്ടായ ഭീകരാക്രമണങ്ങൾക്ക് പിന്നാലെ അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ആക്രമണം നടത്തിയതായി പാക്കിസ്ഥാൻ. ഞായറാഴ്ച പുലർച്ചെ ആക്രമണം നടത്തിയതായാണ് പാക്കിസ്ഥാൻ സ്ഥിരീകരിച്ചത്.
ആക്രമണം നടത്തിയതായും തീവ്രവാദികളുടെ ഒളിത്താവളങ്ങൾ നശിപ്പിച്ചതായും പാക്കിസ്ഥാൻ വ്യക്തമാക്കി. ടിടിപിയുടെയും അനുബന്ധ സംഘടനകളുടെയും ഏഴ് ക്യാമ്പുകൾക്കെതിരെ സൈന്യം ആക്രമണം നടത്തിയതായി പാക്കിസ്ഥാൻ അറിയിച്ചു.
എന്നാൽ എവിടെയാണ് ആക്രമിച്ചതെന്ന് പാക്കിസ്ഥാൻ വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ ഇതുവരെ അഫ്ഗാനിസ്ഥാനും പ്രതികരിച്ചിട്ടില്ല. അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലെ മത പഠന കേന്ദ്രം ലക്ഷ്യമാക്കിയും നംഗർഹാർ പ്രവിശ്യയിലെ ഖോഗ്യാനി ജില്ലയിൽ ഒന്നിലധികം വ്യോമാക്രമണങ്ങൾ നടന്നു.
പക്തികയിലെ അർഗുണിലും, നംഗർഹറിലെ ബഹ്സോദ്, ഘാനി ഖേൽ ജില്ലകളിലും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അടുത്തിടെ പാക്കിസ്ഥാനിൽ നടന്ന ചാവേർ ആക്രമണങ്ങൾക്ക് മറുപടിയായാണ് പാക്കിസ്ഥാന്റെ മിന്നലാക്രമണം.



