ജമ്മു കശ്മീരിലെ സാംബ സെക്ടറിൽ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം സംശയാസ്പദമായ രീതിയിൽ പാകിസ്ഥാൻ ഡ്രോൺ കണ്ടെത്തി. ഇതോടെ അതിർത്തി സുരക്ഷാസേന (BSF) ഡ്രോണിന് നേരെ വെടിയുതിർത്തു.

ജമ്മു കശ്മീരിൽ പാകിസ്ഥാൻ ഡ്രോണുകൾ കണ്ടതായി ആരോപിക്കപ്പെടുന്നതോ സ്ഥിരീകരിച്ചതോ ആയ നിരവധി സംഭവങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയതാണിത്. കഴിഞ്ഞ ഞായറാഴ്ച, റിപ്പബ്ലിക് ദിനത്തിന് തൊട്ടുമുമ്പായി കത്വ ജില്ലയിലും സുരക്ഷാ സേന ഡ്രോൺ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് പ്രദേശത്ത് ഉടനടി തിരച്ചിൽ ആരംഭിച്ചിരുന്നു. 

ഏകദേശം അഞ്ച് മിനിറ്റോളം ഡ്രോൺ സുരക്ഷാ ഉദ്യോഗസ്ഥരുടെ ദൃഷ്ടിയിൽപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഡ്രോൺ എവിടെ നിന്നാണ് വന്നതെന്നും എങ്ങോട്ടാണ് നീങ്ങിയതെന്നും കണ്ടെത്താനായി പരിസര പ്രദേശങ്ങളിൽ സേന വ്യാപകമായ പരിശോധന നടത്തി. ഇതിനുമുമ്പ് ജനുവരി 15-നും സാംബയിൽ സമാനമായ രീതിയിൽ ഡ്രോൺ കണ്ടെത്തിയിരുന്നു.