വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി ഡെറ ഇസ്മയിൽ ഖാൻ ജില്ലയിലെ ഒരു വിവാഹ ചടങ്ങിനിടെയാണ് ആക്രമണം നടന്നത്. സ്ഫോടനത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 25-ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സർക്കാർ അനുകൂല സമാധാന സമിതി (Peace Committee) നേതാവായ നൂർ ആലം മെഹ്സൂദിന്റെ വസതിയിലാണ് വിവാഹ ചടങ്ങുകൾ നടന്നിരുന്നത്. ഇവിടെ ഒത്തുകൂടിയ അതിഥികൾക്കിടയിലേക്കാണ് ചാവേർ പൊട്ടിത്തെറിച്ചത്. സമാധാന സമിതി നേതാവ് വഹീദുള്ള മെഹ്സൂദ് (ജിഗ്രി മെഹ്സൂദ്) സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. മുൻപ് തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും പിന്നീട് സർക്കാരിന് മുന്നിൽ കീഴടങ്ങുകയും ചെയ്ത ‘ഗുഡ് താലിബ്’ എന്നറിയപ്പെടുന്ന ഒരാളും കൊല്ലപ്പെട്ടതായാണ് വിവരം.



