അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തി സംഘർഷം രൂക്ഷമാകുന്നതിനിടെ, രാജ്യത്തെ സുരക്ഷാ പ്രതിസന്ധിക്ക് പിന്നിൽ ഇന്ത്യയാണെന്ന ആരോപണവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖാജ ആസിഫ്. യാതൊരു തെളിവുകളുമില്ലാതെയാണ് ഇന്ത്യയും അഫ്ഗാനിസ്ഥാനും ചേർന്ന് പാകിസ്ഥാനെതിരെ ‘പ്രോക്സി വാർ’ (നിഴൽ യുദ്ധം) നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചത്. ഫ്രാൻസ് 24 ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഖാജ ആസിഫ് തന്റെ പരിചിതമായ ഇന്ത്യ വിരുദ്ധ നിലപാടുകൾ ആവർത്തിച്ചത്.

“അവർ ഇപ്പോൾ പാകിസ്ഥാനെതിരെ ഒരു നിഴൽ യുദ്ധം നടത്തുകയാണ്. ഡൽഹിയും കാബൂളും കാബൂളിലെ തീവ്രവാദ സംഘടനകളും ഇപ്പോൾ ഒരേ നിലപാടിലാണ്,” ഖവാജ ആസിഫ് പറഞ്ഞു. അഫ്ഗാനിസ്ഥാനെക്കൊണ്ട് പാകിസ്ഥാനെ ആക്രമിപ്പിക്കുന്നത് ഇന്ത്യയാണോ എന്ന ചോദ്യത്തിന് “തീർച്ചയായും” എന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്നാൽ ഇത്രയും ഗൗരവകരമായ ആരോപണത്തിന് പിന്നിൽ എന്തെങ്കിലും തെളിവുണ്ടോ എന്ന ചോദ്യത്തിന്, ഇതിന്റെ അനന്തരഫലങ്ങൾ തങ്ങൾ അനുഭവിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.