അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷം പൂർണ്ണമായ യുദ്ധത്തിലേക്ക് നീങ്ങുന്നു. അഫ്ഗാനിസ്ഥാനിലെ വിവിധ നഗരങ്ങളിൽ പാകിസ്ഥാൻ നടത്തിയ ശക്തമായ വ്യോമാക്രമണത്തിന് പിന്നാലെ, അതിർത്തി കടന്നെത്തിയ ഒരു പാക് യുദ്ധവിമാനത്തെ അഫ്ഗാൻ സൈന്യം വെടിവെച്ചിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കനത്ത പോരാട്ടത്തിൽ 55 പാക് സൈനികരെ തങ്ങൾ വധിച്ചതായും നിരവധി സൈനിക താവളങ്ങൾ പിടിച്ചെടുത്തതായും താലിബാൻ ഭരണകൂടം അവകാശപ്പെട്ടു.

വെള്ളിയാഴ്ച പുലർച്ചെ അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ വലിയ സ്ഫോടനങ്ങളും യുദ്ധവിമാനങ്ങളുടെ ശബ്ദവും മുഴങ്ങി. തർക്കഭൂമിയായ ഡ്യൂറൻഡ് ലൈനിലെ പാക് സൈനിക പോസ്റ്റുകൾ തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് താലിബാൻ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു പാകിസ്ഥാന്റെ വ്യോമാക്രമണം. എന്നാൽ താലിബാൻ പുറത്തുവിട്ട മരണസംഖ്യ പാകിസ്ഥാൻ തള്ളിക്കളഞ്ഞു. തങ്ങളുടെ ആക്രമണത്തിൽ നിരവധി അഫ്ഗാൻ പോരാളികൾ കൊല്ലപ്പെട്ടതായാണ് പാകിസ്ഥാൻ അവകാശപ്പെടുന്നത്.

കാബൂൾ, കന്ദഹാർ, പക്തിയ എന്നീ പ്രവിശ്യകളിൽ പാകിസ്ഥാൻ ആക്രമണം നടത്തിയതായി താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് സ്ഥിരീകരിച്ചു. പാക് സൈന്യത്തിന്റേത് ഭീരുത്വപരമായ നടപടിയാണെന്നും എന്നാൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു.