ലാഹോർ: ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച പാകിസ്താനുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് മുമ്പ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തലവൻ പാകിസ്താനിൽ. ടി20 ലോകകപ്പിലെ ഏറ്റവും ലാഭകരമായ മത്സരം ബഹിഷ്‌കരിക്കുന്നത് ഒഴിവാക്കാൻ പാകിസ്താനെ ബോധ്യപ്പെടുത്തുന്നതിനായി പാക് ക്രിക്കറ്റ് ബോർഡുമായി പ്രശ്ന പരിഹാരത്തിന് ഐസിസി ശ്രമിക്കുന്നതിനിടെയാണ് സംഭവം.

ഐസിസി പ്രതിനിധികൾ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയുമായി ചർച്ച നടത്തുന്ന പശ്ചാത്തലത്തിലാണ് പിസിബി അംഗങ്ങളെ കാണാൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് അമിനുൾ ഇസ്ലാം ബുൾബുൾ ലാഹോറിലെത്തിയത്. നേരത്തെ ഐസിസി ടൂർണമെന്റിൽ നിന്ന് പുറത്താക്കിയ ബംഗ്ലാദേശിനു പിന്തുണ പ്രഖ്യാപിച്ചാണ് പാകിസ്താൻ ഇന്ത്യയ്ക്കെതിരായ കളി ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചത്.

ഇതോടെ ഫെബ്രുവരി 15-ന് കൊളംബോയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഇന്ത്യ-പാകിസ്താൻ മത്സരം അനിശ്ചിതത്വത്തിലായി. സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് ടൂർണമെന്റിനായി ഇന്ത്യയിലേക്ക് പോകാൻ വിസമ്മതിച്ചതോടെ ആരംഭിച്ച വിവാദം ഇതോടെ കൂടുതൽ വഷളായി. ഇന്ത്യയിൽ നിന്ന് ടൂർണമെന്റിന്റെ സഹാതിഥേയരായ ശ്രീലങ്കയിലേക്ക് മത്സരങ്ങൾ മാറ്റണമെന്ന് ഐസിസിയോട് ബംഗ്ലാദേശ് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഐസിസി ഈ അഭ്യർഥന നിരസിക്കുകയും ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡിനെ തിരഞ്ഞെടുക്കുകയും ചെയ്തു.

ലോകകപ്പിനിടെ ഉണ്ടായ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും പരിഹാരമാർഗം കാണാനുമാണ് ബംഗ്ലാദേശ് ബോർഡ് തലവനും ലാഹോറിലെത്തിയതെന്നാണ് റിപ്പോർട്ടുകൾ. പാകിസ്താൻ- ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡുകളുടെ ചർച്ചയ്ക്ക് ശേഷമായിരിക്കും ഐസിസിയുമായുള്ള ചർച്ചകൾ. ടി20 ലോകകപ്പിൽ മത്സരിക്കുന്നില്ലെങ്കിലും ബംഗ്ലാദേശും ഉൾപ്പെടുന്ന ഒരു കരാറിൽ പിസിബി മധ്യസ്ഥത വഹിക്കാൻ ശ്രമിക്കുന്നതായാണ് റിപ്പോർട്ടുകൾ.