യുഎസ്-ഇറാൻ സമാധാന ചർച്ചകൾക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കാനിരിക്കെ, ഇസ്രായേലും പാകിസ്ഥാനും തമ്മിൽ കടുത്ത നയതന്ത്ര തർക്കം ഉടലെടുത്തു. ഇസ്രായേൽ മാനവികതയ്ക്ക് ശാപമാണെന്നും ലബനനിൽ വംശഹത്യ നടത്തുകയാണെന്നും പാക് പ്രതിരോധ മന്ത്രി ഖാജ ആസിഫ് സോഷ്യൽ മീഡിയയിൽ കുറിച്ചതാണ് തർക്കത്തിന് കാരണമായത്. ഇതിന് പിന്നാലെ പാകിസ്ഥാന്റെ മധ്യസ്ഥ റോളിലെ നിഷ്പക്ഷത ചോദ്യം ചെയ്ത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും രംഗത്തെത്തി.

ഇസ്രായേലിനെ ‘തിന്മ’ എന്നും ‘മനുഷ്യരാശിക്ക് ശാപം’ എന്നുമാണ് എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ ഖവാജ ആസിഫ് വിശേഷിപ്പിച്ചത്. “ഇസ്രായേൽ നിരപരാധികളെ കൊന്നൊടുക്കുകയാണ്. ആദ്യം ഗാസയിൽ, പിന്നെ ഇറാനിൽ, ഇപ്പോൾ ലബനനിലും രക്തച്ചൊരിച്ചിൽ തുടരുന്നു. പലസ്തീൻ മണ്ണിൽ ഈ ‘കാൻസർ’ പോലുള്ള രാജ്യം സൃഷ്ടിച്ചവർ നരകത്തിൽ കത്തിയമരട്ടെ,” എന്ന് അദ്ദേഹം കുറിച്ചു. സമാധാന ചർച്ചകൾ ഇസ്ലാമാബാദിൽ പുരോഗമിക്കവെയാണ് പാക് മന്ത്രിയുടെ ഈ കടന്നാക്രമണം.