പാക്കിസ്ഥാനിൽ ക്രൈസ്തവരുൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾ നേരിടുന്ന കടുത്ത പീഡനങ്ങളിലും വിവേചനങ്ങളിലും ആശങ്കയറിയിച്ച് പാക്കിസ്ഥാനിലെ കത്തോലിക്കാ മെത്രാൻ സമിതി. നിലവിലെ കടുത്ത പ്രതിസന്ധികൾക്കിടയിലും വിശ്വാസികൾക്ക് പ്രത്യാശ പകരുന്നതിനായി ലെയോ പതിനാലാമൻ മാർപാപ്പയെ മെത്രാന്മാർ പാക്കിസ്ഥാൻ സന്ദർശിക്കാൻ ഔദ്യോഗികമായി ക്ഷണിച്ചു. വത്തിക്കാനിൽ നടക്കുന്ന പാക്കിസ്ഥാൻ ബിഷപ്പുമാരുടെ ഔദ്യോഗിക ‘ആദ് ലിമിന’ (Ad Limina) സന്ദർശന വേളയിലാണ് മെത്രാന്മാർ തങ്ങളുടെ ആശങ്കകൾ മാർപാപ്പയെയും മറ്റ് വത്തിക്കാൻ പ്രതിനിധികളെയും അറിയിച്ചത്.
പാക്കിസ്ഥാനിലെ ക്രൈസ്തവർ വിശ്വാസ തീഷ്ണതയുള്ളവരാണെങ്കിലും കടുത്ത ദാരിദ്ര്യവും വിവേചനവുമാണ് അവർ നേരിടുന്നതെന്ന് മെത്രാൻ സമിതി അധ്യക്ഷൻ ബിഷപ്പ് സാംസൺ ഷുക്കാർദിൻ വ്യക്തമാക്കി. രാജ്യത്ത് നിലനിൽക്കുന്ന വിവാദപരമായ ‘മതനിന്ദാ നിയമങ്ങൾ’ (Blasphemy Laws) പലപ്പോഴും ക്രൈസ്തവർക്കെതിരെ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് ബിഷപ്പുമാർ ചൂണ്ടിക്കാട്ടി. ഇതിന് പുറമെ പ്രായപൂർത്തിയാകാത്ത ക്രൈസ്തവ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനത്തിനും വിവാഹത്തിനും ഇരയാക്കുന്ന സംഭവങ്ങൾ വർധിച്ചുവരികയാണ്.
ഇത്തരം കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും പാക്കിസ്ഥാനിലെ ക്രൈസ്തവർക്ക് തുല്യാവകാശം ഉറപ്പാക്കാൻ നടപടികൾ ഉണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു. തങ്ങൾ നേരിടുന്ന ദുരിതങ്ങൾക്കിടയിലും പാക്കിസ്ഥാനിലെ കത്തോലിക്കാ സഭ പ്രത്യാശ കൈവിട്ടിട്ടില്ലെന്ന് ബിഷപ്പ് ഷുക്കാർദിൻ കൂട്ടിച്ചേർത്തു. മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ച തങ്ങൾക്ക് ഭാവിയിലേക്ക് പുതിയൊരു കാഴ്ചപ്പാടും വലിയ പ്രതീക്ഷയുമാണ് നൽകിയിരിക്കുന്നത്. വരും നാളുകളിൽ പാക്കിസ്ഥാനിലെ ക്രൈസ്തവർക്ക് തുല്യ നീതിയും അവകാശങ്ങളും ലഭിക്കുമെന്ന വിശ്വാസത്തിലാണ് തങ്ങളെന്നും മെത്രാന്മാർ വ്യക്തമാക്കി.



