കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഘട്ട വോട്ടെടുപ്പ് പുരഗോമിക്കവേ ഉച്ചവരെ രേഖപ്പെടുത്തിയത് 62 ശതമാനത്തിലധികം പോളിംഗ്. സംസ്ഥാനത്തെ 16 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 152 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ശരാശരി 62.18 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്.
വടക്കൻ ബംഗാളിലെ 54 സീറ്റുകൾ ഉൾപ്പെടെ ആകെ 152 മണ്ഡലങ്ങളാണ് ഈ ഘട്ടത്തിൽ വിധിയെഴുതുന്നത്. ജംഗിൾമഹൽ, ഝാർഗ്രാം തുടങ്ങിയ ആദിവാസി മേഖലകളിലും വോട്ടെടുപ്പ് നടക്കുന്നു. ഏകദേശം 3.6 കോടി വോട്ടർമാരാണ് ഈ ഘട്ടത്തിൽ ഉള്ളത്. തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള ശക്തമായ പോരാട്ടത്തിനാണ് ഈ മണ്ഡലങ്ങൾ സാക്ഷ്യം വഹിക്കുന്നത്.
പശ്ചിമ മേദിനിപൂർ ജില്ലയിലാണ് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത് (65.77%), ഝാർഗ്രാം (65.31%), ബങ്കുറ (64%) എന്നീ ജില്ലകളും പോളിംഗിൽ മുന്നിലാണ്, മാൾഡ (58.45%), കൂച്ച് ബെഹാർ (60.75%) എന്നിവിടങ്ങളിൽ പോളിംഗ് താരതമ്യേന കുറവാണ്. വോട്ടെടുപ്പ് പൊതുവേ സമാധാനപരമാണെന്ന് അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും ചിലയിടങ്ങളിൽ നിന്ന് സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മുർഷിദാബാദിൽ തൃണമൂൽ കോൺഗ്രസ് – ബിജെപി പ്രവർത്തകർ തമ്മിൽ കല്ലേറും സംഘർഷവുമുണ്ടായി. നന്ദിഗ്രാമിൽ ബിജെപിക്ക് അനുകൂലമായി പോലീസ് പ്രവർത്തിക്കുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. എന്നാൽ വോട്ടർമാരെ തൃണമൂൽ ഗുണ്ടകൾ ഭീഷണിപ്പെടുത്തുകയാണെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി തിരിച്ചടിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന് ഉച്ചവരെ വിവിധ പരാതികൾ ലഭിച്ചിട്ടുണ്ട്. രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29-ന് ബാക്കിയുള്ള 142 മണ്ഡലങ്ങളിൽ നടക്കും. വോട്ടെണ്ണൽ മേയ് നാലിനാണ് നിശ്ചയിച്ചിരിക്കുന്നത്.



