വിമർശനങ്ങൾക്ക് പിന്നാലെ എക്സിൽ നിന്നും ഒഴിവാക്കിയ ഗണഗീത വീഡിയോ വീണ്ടും പങ്കുവെച്ച് ദക്ഷിണ റെയിൽവേ. ‘പരമപവിത്രമതാമീ മണ്ണില്‍ ഭാരതാംബിയെ പൂജിക്കാന്‍’ എന്ന് തുടങ്ങുന്ന ഈ ഗാനത്തിന്റെ ഇംഗ്ലീഷ് പരിഭാഷയോടുകൂടിയാണ് പോസ്റ്റ് ചെയ്തത്. എളമക്കര സരസ്വതി വിദ്യാലയയിലെ കുട്ടികള്‍ സ്‌കൂളിലെ പാട്ടുപാടി എന്ന അടിക്കുറിപ്പോടുകൂടിയാണ് പോസ്റ്റ്.

ആദ്യം പാട്ട് നീക്കം ചെയ്ത റെയില്‍വേ, സ്‌കൂള്‍ അധികൃതരോട് വിശദാംശങ്ങള്‍ തേടിയിരുന്നു. സ്‌കൂളില്‍ എല്ലാ ദിവസവും അസംബ്ലിയില്‍ പാടുന്ന ദേശഭക്തിഗാനം ആണെന്ന് സ്‌കൂള്‍ അധികൃതര്‍ മറുപടി നൽകിയതോടു കൂടിയാണ് വീണ്ടും പോസ്റ്റ് ചെയ്തതെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. എക്‌സില്‍ വീണ്ടും വീഡിയോ പോസ്റ്റ് ചെയ്തതിന് റെയില്‍വേയോട് എളമക്കര സരസ്വതീവിദ്യാനികേതനിലെ പ്രിന്‍സിപ്പല്‍ നന്ദി അറിയിച്ചു.