നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഎം സംസ്ഥാന നേതൃയോഗങ്ങൾക്ക് തുടക്കമായി. പരാജയത്തിൻ്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് ആരാകണമെന്ന കാര്യത്തിൽ പാർട്ടിയിൽ ഭിന്നത രൂക്ഷമാണ്. പിണറായി വിജയൻ തന്നെ പ്രതിപക്ഷത്തെ നയിക്കണമെന്ന നിലപാടിൽ ഒരു വിഭാഗം നേതാക്കൾ ഉറച്ചുനിൽക്കുമ്പോൾ, മുഹമ്മദ് റിയാസിനെ മുൻനിർത്തി പാർട്ടിയിൽ തലമുറ മാറ്റം വേണമെന്ന ആവശ്യവും ശക്തമാവുകയാണ്.

സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം 2026 മേയ് 12 ചൊവ്വാഴ്ചയാണ് ആരംഭിച്ചത്. തുടർന്ന് മേയ് 13, 14 ദിവസങ്ങളിലായി സംസ്ഥാന കമ്മിറ്റി യോഗം ചേരും. പ്രതിപക്ഷ നേതാവിനെ കേരളത്തിൽ തന്നെ തീരുമാനിക്കുമെന്ന് പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം ജനറൽ സെക്രട്ടറി എം എ ബേബി വ്യക്തമാക്കിയതോടെ ഈ യോഗങ്ങളിലെ തീരുമാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടും. തോൽവി സർക്കാരിലെയും പാർട്ടിയിലെയും നേതൃതലത്തിലെ വീഴ്ചയാണെന്ന വിമർശനം പ്രവർത്തകർക്കിടയിലുണ്ട്.

പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതാവാകണമെന്നാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ളവരുടെ താൽപര്യം. എന്നാൽ പദവി ഏറ്റെടുക്കുന്നതിൽ പിണറായി വിജയൻ വിയോജിപ്പ് പ്രകടിപ്പിച്ചാൽ അത് മറ്റൊരു വഴിത്തിരിവാകും. പിണറായി ഒഴിഞ്ഞുമാറിയാൽ കേന്ദ്ര കമ്മിറ്റിയംഗം കെ എൻ ബാലഗോപാലിനാണ് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. പിണറായി കഴിഞ്ഞാൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക കേന്ദ്ര കമ്മിറ്റിയംഗം കൂടിയാണ് അദ്ദേഹം. പിണറായി തന്നെ നേതാവായാൽ ബാലഗോപാൽ ഉപനേതാവാകാനും സാധ്യതയുണ്ട്.

അതേസമയം, മുൻ മന്ത്രി മുഹമ്മദ് റിയാസിനെ പ്രതിപക്ഷ നേതാവാക്കി പാർട്ടിയിൽ തലമുറ കൈമാറ്റം വേണമെന്ന ആവശ്യവുമായി യുവനേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. കണ്ണൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ റിയാസിനായി ശക്തമായ വാദമാണ് ഉയരുന്നത്.  പാർട്ടിയിൽ ഉടച്ചുവാർക്കൽ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പി ജയരാജനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായും എം സ്വരാജിനെ സംസ്ഥാന സെക്രട്ടറിയായും നിർദ്ദേശിച്ചുള്ള ഫ്ളക്സ് ബോർഡുകൾ കണ്ണൂരിലെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.

പ്രതിപക്ഷ ഉപനേതാവ് പദവിക്ക് വേണ്ടി അവകാശവാദമുന്നയിച്ചിരിക്കുന്ന സിപിഐ നേതൃത്വത്തെ ബോധ്യപ്പെടുത്തുക എന്നതും സിപിഎമ്മിന് മുന്നിലുള്ള പ്രധാന വെല്ലുവിളിയാണ്. ഈ മാസം 15 മുതൽ സിപിഎം ജില്ലാ സെക്രട്ടേറിയറ്റുകളും ജില്ലാ കമ്മിറ്റികളും യോഗം ചേരുന്നതോടെ പാർട്ടിയിലെ അഴിച്ചുപണി സംബന്ധിച്ച കൃത്യമായ ചിത്രം വ്യക്തമാകും.